ശ്രീനഗർ: രജൗരിയിൽ വാഹനാപകടത്തിൽപ്പെട്ട മൂന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി സൈന്യം. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ ഡികെജി ഏരിയയ്‌ക്ക് സമീപത്തായിരുന്നു അപകടം. സൈന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് വാഹനം മറിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ പരിക്കേറ്റ നിലയിൽ മൂന്ന് പേരെ കണ്ടെത്തുകയായിരുന്നു.
ശ്രീനഗറിൽ നിന്നും രജൗരിയിലേക്കുള്ള യാത്രയ്‌ക്കിടെ യത്രക്കാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. പതിവായി ഈ പ്രദേശങ്ങളിൽ പട്രോളിംഗിനിറങ്ങുന്ന സൈനികരാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവർക്ക് സൈന്യം വൈദ്യസഹായം നൽകുകയും ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും അധികൃതർ പറഞ്ഞു.
സാധാരണക്കാരെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഇന്ത്യൻ സൈന്യം പ്രതിജ്ഞാബദ്ധരാണെന്ന് പ്രതിരോധമന്ത്രാലയം പറഞ്ഞു. ഏത് സാഹചര്യങ്ങളെയും നേരിടാൻ സൈന്യം എപ്പോഴും സജ്ജരാണെന്നും സമൂഹത്തിന്റെ സംരക്ഷണമാണ് ഇന്ത്യൻ സൈന്യത്തിന്റെ പ്രഥമ പരിഗണനയെന്നും പ്രതിരോധമന്ത്രാലയ വക്താവ് വ്യക്തമാക്കി.















