മലയാളിയുടെ ഒത്തൊരുമ എന്താണെന്ന് ലോകം ഇന്നറിയുകയാണെന്ന് അർജുന്റെ ട്രക്കിന്റെ ഉടമയായ മനാഫ്. ഡ്രൈവറെന്ന് പുച്ഛിച്ചയാൾക്ക് ഇന്ന് മലയാളി കൊടുക്കുന്ന അന്ത്യയാത്ര ലോകം മുഴുവൻ കാണുകയാണ്. വിജയം എന്നത് ക്ഷണനേരത്തേക്കുള്ളതാണ്. എന്നാൽ ഇതിന് മുൻപ് വലിയൊരു ത്യാഗത്തിൻ്റയും അപമാനത്തിന്റെയും സമയമുണ്ട്. മലയാളി എന്താണെന്ന് ഇന്ന് ലോകം മൊത്തം അറിയുകയാണ്. 600 കിലോമീറ്റർ ദൂരത്ത് നിന്ന് പൊലീസിന്റെ അകമ്പടിയോടെയാണ് മൃതദേഹവും വഹിച്ചുള്ള വാഹനമെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ അറിയപ്പെടുന്ന രക്ഷാപ്രവർത്തകനാണ് ഈശ്വർ മാൽപെയെന്ന് ലോകമറിഞ്ഞെന്നും മനാഫ് പറഞ്ഞു. ഒൻപത് നോട്ടിലൊന്നും ആർക്കും വെള്ളത്തിൽ നിൽക്കാൻ സാധിക്കില്ല. കുത്തിയൊഴുകുന്ന പുഴയാണ് ഗംഗാവലി പുഴ. മരങ്ങളും ചില്ലകളും ഷീറ്റും തകരവും വരെ ആ പുഴയിലുണ്ട്. ഇതൊന്നും നോക്കാതെയാണ് വെള്ളിത്തിലേക്ക് ചാടിയ മനുഷ്യനാണ് മാൽപെ.
ഗംഗാവലിപുഴയുടെ മുക്കും മൂലയും വരെ അറിയാവുന്ന മനുഷ്യനാണ് അദ്ദേഹം. ഇദ്ദേഹത്തിന്റെ ശരീരത്തിൽ മുഴുവനൊരു മാജിക്കുണ്ട്. പുഴയിലെ തിരച്ചിലൊന്നും സാധിക്കില്ലെന്ന് വിചാരിച്ചിരുന്നു. ഒന്നും ഇല്ലെന്ന് പറഞ്ഞിടത്ത് നിന്ന് പുഴയിൽ ഒരുപാടുണ്ടെന്ന് കാണിച്ച് കൊടുക്കാൻ ഈശ്വർ മാൽപെയ്‌ക്ക് സാധിച്ചു. ഗംഗാവലിപ്പുഴയിൽ അർജുനെ ഇട്ടിട്ട് പോകില്ലെന്ന നിശ്ചയദാർഢ്യത്തിന്റെയും സഹോദര സ്നേഹത്തിന്റെയും അടയാളം കൂടിയാണ് മനാഫ്. കണ്ണാടിക്കലിലെ അമരാവതി വീട്ടിൽ അർജുനെ അവസാനമായി കണ്ട് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ വേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികണം.