കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയ വളരെയധികം ചർച്ച ചെയ്യുന്ന കാര്യങ്ങളിലൊന്നാണ് അമൃത- ബാല വിവാഹമോചനം. അമൃതയുമായി വേർപിരിഞ്ഞ ശേഷം മകളെ കാണാൻ പോലും അമൃതയും കുടുംബാംഗങ്ങളും സമ്മതിച്ചില്ലെന്നും തന്നെ മകളിൽ നിന്നും അകറ്റുകയാണെന്നുമായിരുന്നു ബാലയുടെ പ്രതികരണം. ഇതിനെതിരെ ആഞ്ഞടിച്ച് മകൾ തന്നെ രംഗത്തെത്തിയിരുന്നു.
പാപ്പു എന്ന് വിളിപ്പേരുള്ള ബാലയുടെ മകൾ അവന്തികയുടെ പ്രതികരണത്തിൽ കടുത്ത സൈബർ ആക്രമണമാണ് അമൃതയും കുടുംബവും നേരിട്ടത്. ഇതിൽ പ്രതികരിച്ച് അമൃതയും വീഡിയോ പങ്കുവച്ചിരുന്നു. എന്നാൽ അവന്തിക പറഞ്ഞതെല്ലാം സത്യമാണെന്ന അമൃതയുടെയും ബാലയുടെയും ഡ്രൈവറായിരുന്ന ഇർഷാദിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. ഇർഷാദിന്റെ വീഡിയോ അമൃതയാണ് പങ്കുവച്ചത്.
” 14 വർഷത്തെ നിശബ്ദത അവസാനിപ്പിച്ച് രംഗത്തെത്തിയതിൽ ഒരുപാട് നന്ദി അനിയാ..” എന്ന അടിക്കുറിപ്പോടെയാണ് അമൃത വീഡിയോ പങ്കുവച്ചത്. തന്നെ ബാല ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന അമൃതയുടെ ആരോപണങ്ങൾ ശരിവയ്‌ക്കുകയാണ് ഇർഷാദും.
” ബാലയുടെയും അമൃതയുടെയും വിവാഹം കഴിഞ്ഞ നാൾ മുതൽ ഇരുവരുടെയും ഡ്രൈവറായിരുന്നു ഞാൻ. എന്നാൽ അമൃത ചേച്ചിയെ ബാല എപ്പോഴും ഉപദ്രവിക്കാറുണ്ടായിരുന്നു. ഇത് ഞാനും കണ്ടിട്ടുണ്ട്. അന്നെനിക്ക് 18 വയസായിരുന്നു. എന്നെയും ബാല മർദ്ദിച്ചിട്ടുണ്ട്. മൂക്കിൽ നിന്നും വായയിൽ നിന്നും രക്തം വന്നു. ചേച്ചി എപ്പോഴും എന്നെ സ്വന്തം സഹോദരനെ പോലെ കണ്ടിരുന്നു.
ഇരുവരും വേർപിരിഞ്ഞതിന് ശേഷം ഞാൻ അമൃത ചേച്ചിക്കൊപ്പം പോയി. അവർ വേർപിരിഞ്ഞതിന് ശേഷവും ബാല ചേച്ചിയെ മാനസികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയാണ്. പാപ്പുവിന്റെ വീഡിയോ കണ്ടിരുന്നു. അതിൽ കുട്ടിയെ കൊണ്ട് പറഞ്ഞു ചെയ്യിപ്പിച്ചതാണെന്നാണ് പലരുടെയും കമന്റ്. എന്നാൽ അങ്ങനെ ചെയ്യണമെങ്കിൽ അവർക്ക് പണ്ടേ ചെയ്യാമായിരുന്നു. അമൃത ചേച്ചിയോ അമ്മയോ, അഭിയോ അതൊരിക്കലും ചെയ്യില്ല.
ഞാൻ എന്തുകൊണ്ട് ഇപ്പോൾ പ്രതികരിക്കുന്നുവെന്ന് നിങ്ങൾ ചിന്തിച്ചിരിക്കും. ചേച്ചി ഇത്രയും കാലം എല്ലാം ഉള്ളിൽ ഒതുക്കി നടന്നു. എന്നാൽ പാപ്പുവും ഇപ്പോൾ പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു. പാപ്പുവിന്റെയും ചേച്ചിയുടെയും വീഡിയോ കണ്ടത് മുതൽ ഞാനും വിഷമത്തിലാണ്. അതുകൊണ്ടാണ് ഈ വീഡിയോ ഇടുന്നത്. അവർ പറഞ്ഞതെല്ലാ സത്യമാണ്.”- ഇർഷാദ് പറഞ്ഞു.
ബാല പറയുന്നത് പച്ചക്കള്ളമാണെന്നും തന്റെ അമ്മയെ, പിതാവ് ഉപദ്രവിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും മകൾ പ്രതികരിച്ചിരുന്നു. അമ്മയോടുള്ള ദേഷ്യത്തിന്റെ വൈരാഗ്യത്തിന്റെയും പുറത്ത് കോടതിയിൽ നിന്ന് വലിച്ചിഴച്ച് ചെന്നൈയിലേക്ക് പിതാവ് തന്നെ കൊണ്ടുപോയെന്നും അവന്തിക പറഞ്ഞു. ഇതോടെ കുട്ടിയും സൈബർ ആക്രമണം നേരിടുകയായിരുന്നു.