നടൻ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനം നേടിയതുമുതൽ ഇരുവരുടെയും ജീവിതത്തിലെ ഓരോ ചുവടുവയ്പ്പുകളും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. അടുത്തിടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി വീണ്ടും ഇവർ ഡിജിറ്റൽ ലോകത്ത് ഇടംപിടിച്ചിരുന്നു. ഇരുവരുടെയും ആരാധകർ പരസ്പരം വിചാരണ ചെയ്യുകയും സെലിബ്രിറ്റി കുടുംബത്തിന്റെ വ്യക്തിപരമായ കാര്യങ്ങളിൽ തലയിടുകയും ചെയ്തത് കാര്യങ്ങൾ കൂടുതൽ വഷളാക്കി.
12 വയസായ മകൾ പാപ്പു അടക്കം ഇതിൽ ചർച്ചാവിഷയമായതോടെ കഴിഞ്ഞ ദിവസം അമൃത തന്നെ രംഗത്തെത്തുകയും സൈബറാക്രമണം നിർത്താൻ മലയാളികളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എന്തിന് മകൾ വീഡിയോ ചെയ്തുവെന്നായിരുന്നു ബഹുഭൂരിപക്ഷം വരുന്ന സോഷ്യൽമീഡിയ ഉപയോക്താക്കളുടെയും ചോദ്യം. ഇതിന് മറുപടി നൽകിയിരിക്കുകയാണ് അമൃതയുടെ സഹോദരിയും ടെലിവിഷൻ താരവുമായ അഭിരാമി.
ബാല ആശുപത്രിയിൽ കിടന്നപ്പോൾ മകൾ പാപ്പു, അമ്മയുമൊത്ത് കാണാൻ പോയിരുന്നു. ഈ സമയത്ത് മകൾ ലാപ്ടോപ്പ് ചോദിച്ചുവെന്ന കഥയാണ് അടുത്തിടെ പരന്നത്. മകൾ ചോദിക്കാത്ത കാര്യം ചോദിച്ചുവെന്ന കഥ പ്രചരിക്കുകയും ഇതിന്റെ ഭാഗമായി നിരവധിയാളുകൾ മകൾക്ക് നേരെ ചോദ്യമുയർത്തുകയും ചെയ്തതോടെയാണ് ഒടുവിൽ പാപ്പു സ്വയം പ്രതികരിക്കാൻ നിർബന്ധിതയായതെന്ന് അഭിരാമി വെളിപ്പെടുത്തി. അമ്മ നിർബന്ധിച്ച്, പഠിപ്പിച്ച് കൊടുത്ത കാര്യം വീഡിയോയിൽ വന്ന് അവതരിപ്പിച്ചു എന്നുള്ള പ്രചാരണം പൂർണമായും തെറ്റാണെന്നും സഹോദരി വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സുദീർഘമായ എഴുത്താണ് അഭിരാമി പങ്കുവച്ചിരിക്കുന്നത്. കുറിപ്പ് വായിക്കാം..