ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായി. ആയിരക്കണക്കിന് ആളുകളാണ് ജലരാജാക്കന്മാരുടെ വരവും കാത്ത് പുന്നമട കായിലിനരികിൽ തടിച്ചുകൂടിയത്. ചെറുവള്ളങ്ങളുടെ മിനി മത്സരത്തോടെയാണ് വള്ളംകളിക്ക് തിരിതെളിഞ്ഞത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് വള്ളംകളി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
ജലരാജാക്കന്മാരുടെ ആവേശം കൊള്ളിക്കുന്ന പ്രകടനമാണ് ജലപ്രേമികൾ ഉറ്റുനോക്കുന്നത്. നാല് മണിയോടെയാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. പല തരത്തിലുള്ള വർണങ്ങൾ വിതറിയത് പോലെ ജലപ്പൂരം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കാഴ്ചയാണ് പുന്നമട കായലിലുള്ളത്. ഓണം പോലെ, വിഷു പോലെ കേരളത്തിന്റെ മഹോത്സവത്തിനാണ് പുന്നമട സാക്ഷിയാകുന്നത്.
ആവേശം പതിന്മടങ്ങാക്കി കാത്തിരിക്കുകയാണ് സംസ്ഥാനത്തുടനീളമുള്ള ജലപ്രേമികൾ. അഞ്ച് ഹീറ്റ്സ് മത്സരമാണ് നടക്കുന്നത്. അഞ്ച് മത്സരങ്ങളിലായി 20 ചുണ്ടൻ വള്ളങ്ങളാണ് കളത്തിലിറങ്ങുന്നത്. കൃത്യമായ മത്സരക്രമം പാലിച്ചുകൊണ്ടായിരിക്കും ഈ വർഷത്തെ ജലമേള നടക്കുക.
ഓഗസ്റ്റ് 10-ന് നടക്കേണ്ട വള്ളംകളി വയനാട് ദുരന്തത്തെ തുടർന്നാണ് മാറ്റിവച്ചത്. 19 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 72 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.















