ശത്രുപാളയത്തിൽ കയറി ശത്രുവിനെ ചാമ്പലാക്കിയിരിക്കുകയാണ് ഇസ്രായേൽ പ്രതിരോധ സേന. ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിലെ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്റുള്ളയെ വധിച്ചതിന് പിന്നാലെ പ്രതികരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈനിക മേധാവി ലെഫ്റ്റനൻ്റ് ജനറൽ ഹെർസി ഹലേവി.
ഇസ്രായേൽ പൗരന്മാർക്ക് ഭീഷണി ഉയർത്തുന്ന ആരെയും വെറുതെ വിടില്ലെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒന്നിന്റെയും അവസാനമല്ലെന്നും പൗരന്മാർക്ക് ഭീഷണി സൃഷ്ടിക്കുന്നവയിലേക്ക് എത്തിച്ചാരാൻ തങ്ങൾക്കാകുമെന്ന സൂചന നൽകിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്യമായ ആസൂത്രണത്തോടെയാണ് മിഷൻ പൂർത്തിയാക്കിയതെന്നും ഹലേവി പറഞ്ഞു.
വളരെ കാലമായി ആസൂത്രണം ചെയ്യുകയായിരുന്നു. അത് കൃത്യസമയത്ത് കൃത്യതയോടെ പൂർത്തികരിച്ചു. അടുത്ത ഘട്ടത്തിലേക്കുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ട് നീങ്ങുകയാണെന്നും ഹലേവി വ്യക്തമാക്കി. ലോകത്തെ ഭീതിയിലാഴ്‌ത്താൻ ഇനി നസ്റുള്ളയ്‌ക്ക് സാധ്യമാവില്ലെന്ന കുറിപ്പും മരണം സ്ഥിരീകരിച്ച് ഐഡിഎഫ് പങ്കുവച്ചിട്ടുണ്ട്.
മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയെ നയിച്ചയാളാണ് ഹസ്സൻ നസ്റുള്ള. 64-കാരനായ നസ്‌റുള്ള ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ അടുത്ത സഖ്യകക്ഷിയാണ്. ഇസ്രായേൽ-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഹമാസിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ലെബനനിൽ നിന്ന് ആക്രമണം ആസൂത്രണം ചെയ്യുന്നതിനും സംഘർഷാവസ്ഥ കൂടുതൽ കലുഷിതമാക്കുന്നതിലും നിർണായക പങ്ക് വഹിച്ചിരുന്നയാളാണ് നസ്റുള്ള. തലവന്റെ മരണത്തോടെ ഹിസ്ബുള്ള വൻ തിരിച്ചടിയാണ് നേരിടുന്നത്.