ടെഹ്റാൻ: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലേക്ക് വ്യോമാക്രമണം നടത്തി ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ളയെ വധിച്ചതായി ഇസ്രായേൽ സ്ഥിരീകരിച്ചതോടെ സുപ്രീം ലീഡറിന്റെ സുരക്ഷ പതിന്മടങ്ങാക്കി വർദ്ധിപ്പിച്ച് ഇറാൻ. അയതൊള്ള അലി ഖമേനി ആണ് ഇറാന്റെ സുപ്രീംലീഡർ പദവിയിലുള്ളത്. നസറുള്ളയുടെ കൊലപാതകം സ്ഥിരീകരിച്ച് ഐഡിഎഫ് രംഗത്തെത്തിയതോടെ ഇറാന്റെ സുപ്രീംലീഡറെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചതായാണ് റിപ്പോർട്ട്.
രാജ്യത്തിന്റെ പരമോന്നത പദവി കൈകാര്യം ചെയ്യുന്ന ഖമേനിയുടെ സുരക്ഷ പതിന്മടങ്ങായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇറാന്റെ പിന്തുണയോടെ ലെബനനിൽ പ്രവർത്തിച്ചിരുന്ന ഹിസ്ബുള്ളയുടെ തലവനെ ഇസ്രായേൽ ചാരമാക്കിയ പശ്ചാത്തലത്തിലാണ് ഇറാൻ സുപ്രീംലീഡറുടെ താമസസ്ഥലം മാറ്റിയത്. ഇസ്രായേലിലേക്ക് ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങളിൽ ഇറാന്റെ ഗൂഢാലോചനയും ഉണ്ടായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു ഹസ്സൻ നസറുള്ളയെ ഇസ്രായേൽ വധിച്ചത്. ബെയ്റൂട്ടിലേക്ക് നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ സുപ്രധാന കേന്ദ്രങ്ങൾ ഇസ്രായേൽ തകർത്തിരുന്നു. ഈ ആക്രമണത്തിലാണ് നസറുള്ളയും വധിക്കപ്പെട്ടത്. കഴിഞ്ഞ 32 വർഷമായി ഹിസ്ബുള്ളയെ നയിച്ചിരുന്നത് നസറുള്ളയായിരുന്നു. ഹിസ്ബുള്ള തലവൻ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ തന്നെ ഇറാന്റെ സുപ്രീംലീഡർ അടിയന്തര യോഗം വിളിച്ചുചേർത്തു. ഇതിന് പിന്നാലെയാണ് സുപ്രീം ലീഡർ സുരക്ഷിത സ്ഥലത്തേക്ക് മാറിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇറാന്റെ പരമോന്നത നേതാവിന് ഒരു സന്ദേശം നൽകാനുണ്ടെന്നും ഉടൻ തന്നെ അത് പുറത്തുവടുമെന്നുമാണ് നിലവിൽ ഇറാൻ അധികൃതർ അറിയിക്കുന്നത്.