കോഴിക്കോട്: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. 54 വയസായിരുന്നു, കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
1994 നവംബർ 25-ന് ഡിവൈഎഫ്ഐ നടത്തിയ സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ പരിക്കേറ്റ് ശരീരം തളർന്ന് കാൽ നൂറ്റാണ്ടോളം കിടപ്പിലായിരുന്നു പുഷ്പൻ. പൂർവകാല സഖാവും മന്ത്രിയുമായിരുന്ന എം.വി രാഘവനെ വഴിയിൽ തടഞ്ഞതിന് അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ വെടിവയ്പ്പിൽ മരിച്ചിരുന്നു. ഇതിനിടയിലാണ് പുഷ്പന് വെടിയേറ്റത്. കഴുത്തിന് പിന്നിലേറ്റ വെടിയുണ്ട പുഷ്പന്റെ സുഷ്മ്ന നാഡിക്കാണ് പ്രഹരമേൽപ്പിച്ചത്. കഴുത്തിന് താഴേക്ക് തളർന്നു.















