ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 5 സൈനികർക്ക് പരിക്കേറ്റു. സൈന്യത്തിനും പൊലീസിനും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അഡിഗം ദേവസർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്. തെരച്ചിലിനിടെ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിവയ്പ്പുണ്ടാവുകയായിരുന്നു.
വെടിവയ്പ്പിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് മുംതാസ് അലിക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഏറ്റുമുട്ടലിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കൊല്ലപ്പെട്ട ഭീകരരെയും ഇവരുടെ തീവ്രവാദ സംഘടനയുമായുള്ള ബന്ധങ്ങളും അന്വേഷിച്ച് വരികയാണ്. ഏറ്റുമുട്ടലിന് പിന്നാലെ സൈന്യം പ്രദേശത്ത് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ജമ്മുകശ്മീരിൽ മൂന്നാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഏറ്റുമുട്ടലുണ്ടായത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 ജില്ലകളിൽ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി.