വിജയക്കുതിപ്പ് തുടർന്ന് ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം. മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ബോക്സോഫീസിൽ വിജയഗാഥ തുടരുകയാണ് ചിത്രം. സിനിമയുടെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചു. പുത്തൻ റിലീസുകൾക്കിടയിലും പ്രേക്ഷകരുടെ നമ്പർ വൺ ചോയിസ് എആർഎം എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. കേരളത്തിൽ മാത്രം 250 സ്ക്രീനുകളിലാണ് ചിത്രം വിജയകരമായി പ്രദർശനം തുടരുന്നത്.

പൂർണമായും ത്രീഡിയിലാണ് അജയന്റെ രണ്ടാം മോഷണം ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ അമ്പത് കോടി സ്വന്തമാക്കാനും സിനിമയ്‌ക്ക് സാധിച്ചു. മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം കുടുംബ പ്രേക്ഷകരും കുട്ടികളും ഒരുപോലെ സ്വീകരിച്ച ത്രീഡി ചിത്രമെന്ന വിശേഷണവും എആർഎമ്മിനുണ്ട്.
മുപ്പത് കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. ചിത്രത്തിൽ മൂന്ന് റോളുകളിലാണ് ടൊവിനോ തകർത്തഭിനയിച്ചത്. ജിതിൻ ലാലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുജിത് നമ്പ്യാരാണ്.















