മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുക എന്നത് ബഹിരാകാശ ദൗത്യത്തിലെ പുതിയ നാഴികക്കല്ലാണ്. എന്നാൽ ഗ്രഹത്തിലെ പ്രതികൂല അവസ്ഥകൾ കാരണം ചൊവ്വയിലെ മനുഷ്യവാസം പ്രയാസമേറിയ ദൗത്യമായിരിക്കുമെന്നാണ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്. ഓൺലൈൻ ന്യൂസ് പോർട്ടലായ Indy100 പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്.
ചൊവ്വയിലേക്ക് കുടിയേറിപ്പാർക്കുന്ന മനുഷ്യർക്ക് ജനിക്കുന്ന കുട്ടികൾക്ക് ഗുരുതരമായ വൈകല്യങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായേക്കാമെന്ന് യുഎസിലെ റൈസ് യൂണിവേഴ്സിറ്റിയിലെ ജീവശാസ്ത്രജ്ഞനായ ഡോ. സ്കോട്ട് സോളമൻ പറഞ്ഞു. ഗ്രഹത്തിലെ പ്രതികൂല സാഹചര്യങ്ങളിൽ മനുഷ്യർക്ക് അതിജീവിക്കുക പ്രയാസകരമായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
കുറഞ്ഞ ഗുരുത്വാകർഷണ ബലവും ഉയർന്ന റേഡിയേഷനും കാരണമാണ് ശാരീരിക മാറ്റങ്ങൾ സംഭവിക്കുന്നത്. ത്വക്കിന് പച്ച നിറം, ദുർബലമായ പേശികൾ, കാഴ്ച ശക്തി നഷ്ടമാകുക, ദുർബലമായ പൊട്ടുന്ന അസ്ഥികൾ എന്നീ മാറ്റങ്ങൾ ചൊവ്വയിലെ മനുഷ്യനിൽ സംഭവിക്കാമെന്ന് വിദഗ്ധർ പറയുന്നു.
ചൊവ്വ ഭൂമിയെക്കാൾ ചെറിയ ഗ്രഹമാണ്. ഭൂമിയിലുള്ളതിനേക്കാൾ 30% ഗുരുത്വാകർഷണവും കുറവാണ്. ഭൂമിക്കുള്ളതുപോലെ ഒരു കാന്തിക മണ്ഡലമോ, ഓസോൺ പോലെ ഒരു സുരക്ഷാ പാളിയോ ചൊവ്വയ്‌ക്കില്ല. അതിനാൽ തന്നെ ബഹിരാകാശ വികിരണങ്ങൾ, അൾട്രാ വയലറ്റ് രശ്മികൾ, കോസ്മിക് കിരണങ്ങൾ എന്നിവ നേരിട്ട് ഗ്രഹത്തിലേക്ക് പതിക്കും. ഇതാണ് ചൊവ്വയിൽ താമസിക്കുമ്പോൾ മനുഷ്യരിലുണ്ടാകുന്ന ശാരീരിക മാറ്റങ്ങൾക്ക് കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.















