മലയാള സിനിമയെ പുകഴ്‌ത്തി നടൻ അരവിന്ദ് സ്വാമി. മലയാളത്തിലെ നടന്മാരെ കുറിച്ചും അവരുടെ അഭിനയത്തെയും അരവിന്ദ് സ്വാമി പ്രശംസിച്ചു. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന് ശേഷം താൻ സൗബിൻ ഷാഹിറിന്റെ വലിയ ആരാധകനാണെന്ന് താരം പറഞ്ഞു. മെയ്യഴകൻ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അരവിന്ദ് സ്വാമി.
കഴിഞ്ഞ കുറച്ച് കാലങ്ങളായി എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ കുമ്പളങ്ങി നൈറ്റ്സാണ്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയ്‌ക്ക് മുമ്പ് തന്നെ ഞാൻ സൗബിൻ ഷാഹിറിന്റെ ഫാനാണ്. അദ്ദേഹത്തിന്റെ ചെറിയ ആക്ഷനുകൾ പോലും എനിക്ക് വളരെ ഇഷ്ടമാണ്. ചെറിയ സീനുകളിലാണെങ്കിലും അദ്ദേഹത്തിന്റേതായ എന്തെങ്കിലും ചില കാര്യങ്ങൾ ആ സിനിൽ കൊണ്ടുവരാൻ സൗബിൻ ശ്രമിക്കാറുണ്ടെന്നും അരവിന്ദ് സ്വാമി പറഞ്ഞു.
മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെക്കുറിച്ചും അരവിന്ദ് സ്വാമി തുറന്നു പറഞ്ഞു. മമ്മൂട്ടിയുടെ ഭ്രമയുഗം, നന്പകൽ നേരത്ത് മയക്കം എന്നീ സിനിമകളെ കുറിച്ചാണ് താരം സംസാരിച്ചത്. പുതിയ പരീക്ഷണ സിനിമകളിൽ ധൈര്യത്തോടെ അഭിനയിക്കുന്ന ഇതിഹാസ നടനാണ് മമ്മൂട്ടിയെന്ന് അരവിന്ദ് സ്വാമി പറഞ്ഞു.
സി പ്രേം കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് മെയ്യഴകൻ. അരവിന്ദ് സ്വാമിയെ കൂടായെ കാർത്തി, ജയപ്രകാശ്, ശ്രീരഞ്ജിനി, ദേവദർശിനി, ശ്രീ ദിവ്യ എന്നിവും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.