മുംബൈ: മഹാരാഷ്‌ട്രയിൽ 11, 200 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച രാജ്യത്തിന് സമർപ്പിക്കും. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുന്നത്. 100 കോടിയുടെ രൂപയുടെ വിവിധ വികസന പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നാളെ തറക്കല്ലിടും.
പൂനെ മെട്രോ സെക്ഷൻ മുതൽ സ്വർഗേറ്റ് വരെയുള്ള ഭാഗത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. പൂനെ മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. 1,810 കോടിയാണ് ഇതിന്റെ നിർമാണചെലവ്. 2,955 കോടി രൂപ ചെലവിൽ നിർമിക്കുന്ന പൂനെ മെട്രോയുടെ സ്വർഗേറ്റ്-കത്രാജ് വരെയുള്ള ഭാഗത്തിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും.
ഡൽഹി-മുംബൈ വ്യാവസായിക ഇടനാഴിയുടെ വികസനത്തിന് 6,400 കോടിയിലധികം രൂപ വരുന്ന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സോലാപൂർ വിമാനത്താവളവും പ്രധാനമന്ത്രി ഞായറാഴ്ച രാജ്യത്തിന് സമർപ്പിക്കും. ഫൂലെയിൽ നിർമിക്കുന്ന ആദ്യ ഗേൾസ് സ്കൂളിനും പ്രധാനമന്ത്രി തറക്കല്ലിടും.