ടെൽ അവീവ്: ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതോടെ മധേഷ്യയിലെ സംഘർഷങ്ങൾ യുദ്ധസമാന സാഹചര്യങ്ങളിലേക്ക് നീങ്ങുകയാണ്. വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ചതിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്ത് മണിക്കൂറുകൾക്ക് ശേഷമാണ് തുടർച്ചയായ പ്രത്യാക്രമണങ്ങൾ ഉണ്ടായത്.
ഹിസ്ബുള്ളയുടെ മിസൈൽ യൂണിറ്റിലെ കമാൻഡറായ മുഹമ്മദ് അലി ഇസ്മയിലിനെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ഹുസൈൻ അഹമ്മദ് ഇസ്മായിലിനെയും തെക്കൻ ലെബനനിൽ വച്ച് വധിച്ചതായും ഇസ്രായേൽ സൈന്യം അറിയിച്ചു. ഹിസ്ബുള്ളയുടെ അവസാനം കാണുന്നതുവരെ ആക്രമണം തുടരുമെന്നാണ് ഐക്യ രാഷ്ട്രസഭയെ അഭിസംബോധനചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയത്.
ഹിസ്ബുള്ളയെ തകർക്കാൻ മാത്രം സയണിസ്റ്റുകൾ വളർന്നിട്ടില്ലെന്നായിരുന്നു ഹസ്സൻ നസറുള്ളയുടെ വധത്തിനുപിന്നാലെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രതികരിച്ചത്. ഇതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ ഭരണാധികാരി മുന്നറിയിപ്പ് നൽകി. എന്നാൽ ആവനാഴിയിൽ ആയുധങ്ങൾ അവസാനിച്ചിട്ടില്ലെന്ന ഇസ്രയേലിന്റെ മറുപടി മറ്റൊരു യുദ്ധത്തിനുള്ള കോപ്പുകൂട്ടലായാണ് ലോകം കാണുന്നത്.