ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് പത്താം വർഷത്തിലേക്ക്. 2014 ഒക്ടോബർ മൂന്നിനാണ് മൻ കി ബാത്തിന്റെ ആദ്യ പതിപ്പ് സംപ്രേക്ഷണം ചെയ്തത്. പത്താം വാർഷികത്തിലേക്ക് കടക്കുമ്പോൾ സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുകയാണ് പ്രധാനമന്ത്രി.
ശ്രോതാക്കളാണ് മൻ കി ബാത്തിന്റെ യഥാർത്ഥ അവതാരകരെന്ന് പ്രധാനമന്ത്രി പറഞ്ഞു. നെഗറ്റീവോ അല്ലെങ്കിൽ മസാലസകൾ എന്ന് വിളിക്കപ്പെടുന്ന ഘടകങ്ങളോ ഇല്ലാതെ ഒരു പരിപാടിയും ജനങ്ങളിലേക്കെത്തില്ലെന്ന ധാരണ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ ശുഭചിന്തകൾക്കും ഉദാഹരണങ്ങൾക്കും ജീവിതകഥകൾക്കുമായി രാജ്യത്തെ പൗരന്മാർ എത്രമാത്രം ആവേശഭരിതരാണെന്നതിന് ഉദാഹരണമാണ് മൻ കി ബാത്ത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത്തിന്റെ 114-ാം പതിപ്പിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പുത്തൻ റെക്കോർഡുകളും പുത്തൻ വ്യക്തിത്വങ്ങളെയും ഓരോ പതിപ്പിലും കൂട്ടിച്ചേർക്കാൻ മൻ കി ബാത്തിന് സാധിക്കുന്നു. കൂട്ടമായി എന്ത് നല്ല പ്രവൃത്തി ചെയ്താലും അത് മൻ കി ബാത്തിലൂടെ ലോകമറിഞ്ഞിരിക്കും. ഇതിലൂടെ പറയുന്ന ഓരോ വാക്കുകളിലൂടെ തന്റെ ഹൃദയം നിറയുകയാണെന്നും അഭിമാനമുണ്ടെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കുച്ചേരണമെന്ന് പൗരന്മാരോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഒരു ദിവസത്തെക്കോ ഒരു വർഷത്തെക്കോ മാത്രമാവരുത് ഈ ശുചീകരണം. തലമുറകളോളം ഇത് തുടരണം. പ്രകൃതി ഒട്ടാകെ ശുചീകരിക്കപ്പെടുന്നത് വരെ ഇത് തുടരണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.















