എല്ലാവർക്കും ഇഷ്ടമുള്ള പക്ഷികളിൽ ഒന്നാണ് തത്ത. ഭംഗി കൊണ്ട് മാത്രമല്ല, തത്തയ്‌ക്ക് മനുഷ്യന്റെ ഭാഷ അനുകരിക്കാനും അതു മനസ്സിലാക്കി നന്നായി പ്രതികരിക്കാനും സാധിക്കുന്നു എന്നത് കൂടിയാണ് ഈ പക്ഷിയെ അത്രയേറെ ഇഷ്ടപ്പെടാൻ കാരണം. 80 ജനുസുകളിലായി ഏകദേശം 372 തരം തത്തകളെ ലോകത്ത് തിരിച്ചറിഞ്ഞിട്ടുണ്ട്. രൂപം കൊണ്ടും നിറം കൊണ്ടും സ്വാഭാവം കൊണ്ടുമെല്ലാം അവ ഓരോന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. പൊതുവേ തത്ത എന്ന് കേട്ടാൽ പച്ചനിറത്തിലുള്ള ശരീരം, അറ്റം കൂർത്ത് വളഞ്ഞ ചുണ്ട്, നീണ്ട് ത്രികോണാകൃതിയിലുള്ള വാൽ എന്നിവയാവും മനസ്സിൽ വരിക. എന്നാൽ മൂങ്ങയുടെ മുഖമുള്ള ഒരു തത്തയെ കണ്ടാൽ എങ്ങനെയുണ്ടാവും! അങ്ങനെയൊരു തത്ത ന്യൂസിലാൻഡിൽ ഉണ്ട്.
ന്യൂസിലാൻഡിൽ മാത്രം കണ്ടുവരുന്ന പറക്കാൻ കഴിവില്ലാത്ത ഒരു തത്ത.അതാണ് കാകാപോ (Kakapo). Strigops habroptilus എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവ രാത്രികാലങ്ങളിൽ ഇരതെടുന്നവയാണ്. മൂങ്ങ തത്ത അല്ലെങ്കിൽ മൂങ്ങയുടെ മുഖമുള്ള തത്ത എന്നും ഇവ അറിയപ്പെടുന്നു. കാകപ്പോയ്‌ക്ക് 64 സെ.മീ (25 ഇഞ്ച്) വരെ നീളമുണ്ടാകും. മറ്റ് തത്തകളിൽ നിന്ന് ഇവയ്‌ക്ക് സവിശേഷമായ ചില സ്വഭാവസവിശേഷതകൾ ഉണ്ട്. മഞ്ഞയും പച്ചയും കലർന്ന തൂവലുകൾ, വലിയ ചാരനിറത്തിലുള്ള കൊക്ക്, അതിന് ചുറ്റും രോമങ്ങൾ, മൂങ്ങയുടെ ശൈലിയിലുള്ള കണ്ണുകൾ, ചെറിയ കാലുകൾ, വലിയ നീല പാദങ്ങൾ, താരതമ്യേന ചെറിയ ചിറകുകളും ഒരു ചെറിയ വാലും. ഇതാണ് കാകാപോയുടെ രൂപം.
ലോകത്തിലെ പറക്കാൻ പറ്റാത്ത ഒരേയൊരു തത്തയും ലോകത്തിലെ ഏറ്റവും ഭാരമുള്ള തത്തയും കാകകപോ തന്നെ. നിലത്ത് വസിക്കുന്ന ഇവയെ ഇലകളുടെ ഇടയിൽ നിന്ന് ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ കഴിയില്ല. സ്വാഭാവിക ആവാസ സ്ഥാനങ്ങളിൽ ഇവയ്‌ക്ക് 100 വർഷം വരെ ആയുസ്സ് ഉണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന പക്ഷികളിൽ ഒന്നാണിത്. അമിതമായ വേട്ടയാടലും മറ്റും കാരണം ഇവ ഇന്ന് അപകടനിലയിലാണ്. ഏകദേശം നൂറ്റി ഇരുപതോളം കാകാപോകൾ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്.
പകൽ സമയങ്ങളിൽ മരങ്ങളിലോ നിലത്തോ ഇവ മറഞ്ഞിരിക്കുന്നു രാത്രിയിൽ അതിന്റെ പ്രദേശങ്ങളിൽ ചുറ്റി സഞ്ചരിച്ച് ഭക്ഷണം തേടും. കാകപ്പോയ്‌ക്ക് പറക്കാൻ കഴിയില്ലെങ്കിലും, അത് ഏറ്റവും ഉയരമുള്ള മരങ്ങളിൽ വരെ കയറും. അവിടെനിന്നും ഒരു “പാരച്യൂട്ട്” പോലെ വലിയ ചിറകുകൾ വിരിച്ച് താഴേക്ക് ചാടും. മറ്റ് പക്ഷികളിൽ നിന്ന് വ്യത്യസ്തമായി, കാകപ്പോ പൂർണ്ണമായും സസ്യഭുക്കാണ്. പഴങ്ങൾ, വിത്തുകൾ, ഇലകൾ, കാണ്ഡം, റൈസോമുകൾ എന്നിവ ഭക്ഷിക്കുന്നു.















