പ്രധാനമന്ത്രി ഇന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 114-ാം പതിപ്പിനെ അഭിസംബോധന ചെയ്തു. ജലം സംരക്ഷിക്കേണ്ടത് മുതൽ അമേരിക്ക വിട്ടുനൽകിയ പുരാവസ്തുക്കളെ കുറിച്ച് വരെ പ്രധാനമന്ത്രി പരാമർശിച്ചു.
അമ്മയുടെ പേരിൽ, അമ്മയ്‌ക്കായി മരം നടാൻ ആഹ്വാനം ചെയ്ത പദ്ധതി വിജയം കണ്ടതിൽ അദ്ദേഹം പ്രശംസിച്ചു. കൂട്ടായ പങ്കാളിത്തവും നിശ്ചയദാർഢ്യവും കൂടിച്ചേരുമ്പോൾ സമൂഹത്തിന് വലിയ സംഭാവനകൾ നൽകുമെന്നതിന്റെ വലിയ ഉദാഹരണമാണ് ‘ഏക് പേഡ് മാ കെ നാം’ എന്ന പദ്ധതി. ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്ന ദിനങ്ങളാണ് കടന്നുപോയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിവുകളെയും സർഗ്ഗാത്മകതയെയും പരിപോഷിപ്പിക്കുന്നതിന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ സംരംഭമായ ‘ക്രിയേറ്റ് ഇൻ ഇന്ത്യ’യെ പദ്ധതിയെയും പ്രധാനമന്ത്രി പ്രശംസിച്ചു. വളരെ കുറച്ചാളുകൾ മാത്രം സംസാരിക്കുന്ന ഭാഷയായ സന്താലിയെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിപുലീകരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതത്തിന്റെ അമൂല്യമായ പൈതൃകത്തിൽ അഭിമാനം കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക പുരാതന വസ്തുക്കൾ തിരികെ നൽകിയ പശ്ചാത്തലത്തിലായിരുന്നു പരാമർശം. പരിപാടിയുടെ അവസാനത്തിൽ വരാനിരിക്കുന്ന ഉത്സവ സീസണിൽ ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾ വാങ്ങണമെന്നും പൗരന്മാരോടെ അഭ്യർത്ഥിച്ചിട്ടുണ്ട്. കളിമണ്ണിൽ നിർമ്മിച്ച വിളക്കുകൾ വാങ്ങുന്നത് കൊണ്ട് മാത്രം പ്രാദേശിക വ്യാപാരികളെ പിന്തുണയ്‌ക്കുക എന്ന ലക്ഷ്യം കൈവരിക്കാനാവില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മൻ കി ബാത്ത് ആരംഭിച്ചിട്ട് പത്ത് വർഷമായി എന്ന സന്തോഷവാർത്തയോടെയാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്.