ശ്രീനഗർ: ഹിസ്ബുള്ളയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്തിയുടെ നീക്കത്തെ വിമർശിച്ച് ബിജെപി. പിഡിപി നേതാവിന്റെ നീക്കം രാഷ്‌ട്രീയ നാടകമാണെന്ന് ബിജെപി ആരോപിച്ചു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെ ലെബനനിലേയും ഗാസയിലെയും രക്തസാക്ഷികൾക്കും ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് നടക്കാനിരുന്ന തന്റെ തെരഞ്ഞെടുപ്പ് പ്രചരണം റദ്ദാക്കുന്നുവെന്ന് മെഹബൂബ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി പ്രതികരണവുമായി രംഗത്തെത്തിയത്.
മെഹ്ബൂബയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിജെപി നേതാവ് കവീന്ദർ ഗുപ്‍ത രംഗത്തുവന്നു. ഹിന്ദുക്കളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടന്നപ്പോൾ മുൻമുഖ്യമന്ത്രി മൗനം പാലിച്ചുവെന്ന് അവർ ആരോപിച്ചു.
“ഹിസ്ബുള്ള നേതാവ് നസറുള്ളയുടെ മരണത്തിൽ മെഹബൂബ മുഫ്തി വേദനിക്കുന്നു. എന്നാൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമ്പോൾ അവർ മൗനം പാലിച്ചു. ഇത് മുതലക്കണ്ണീരാണ്. കപട സഹതാപമല്ലാതെ മറ്റൊന്നുമല്ല. ജനങ്ങൾക്ക് എല്ലാം മനസ്സിലാകും,” കവീന്ദർ ഗുപ്ത പറഞ്ഞു.
മെഹ്ബൂബ മുഫ്തിയുടേത് തെരഞ്ഞെടുപ്പിൽ മുസ്‌ലിം സമൂഹത്തിന്റെ പിന്തുണ നേടാനുള്ള രാഷ്‌ട്രീയ നാടകമാണെന്ന് ബിജെപി നേതാവ് അൽതാഫ് താക്കൂർ പറഞ്ഞു.“ഇത് അവരുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. യുദ്ധങ്ങളേയും കൊലപാതകങ്ങളേയും ഞങ്ങൾ അപലപിക്കുന്നു, എന്നാൽ മുസ്ലീം സമൂഹത്തിന്റെ പിന്തുണ നേടാനാണ് മെഹബൂബ മുഫ്തി ഈ നടപടി സ്വീകരിച്ചത്” അദ്ദേഹം പറഞ്ഞു.