കേളമ്പാക്കം: ഏഴ് വയസുകാരിയായ മകളെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയ ശേഷം സ്‌കൂൾ വിട്ട് മടങ്ങിയ അദ്ധ്യാപികയുടെ സ്വർണം കവർന്നു. തമിഴ്‌നാട്ടിലെ കേളമ്പാക്കത്താണ് സംഭവം. 4.8 ലക്ഷം രൂപ വിലയുളള മാലയാണ് മോഷ്ടാക്കൾ കവർന്നത്.
വെളളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഷക്കീല എന്ന 32 കാരിയായ അദ്ധ്യാപികയാണ് മോഷണത്തിന് ഇരയായതതെന്ന് പൊലീസ് പറഞ്ഞു. ഇവർ പഠിപ്പിക്കുന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികളായ മക്കൾക്കൊപ്പം നടന്നാണ് പതിവായി സ്‌കൂൾ വിട്ടാൽ ഷക്കീല വീട്ടിലേക്ക് പോകുക. വെളളിയാഴ്ച വൈകിട്ട് സ്‌കൂളിന്റെ ഗേറ്റ് കടന്ന് പുറത്തിറങ്ങിയതും ബൈക്കിൽ ഹെൽമറ്റ് ധരിച്ച രണ്ട് പേർ പെട്ടന്ന് വന്ന് അടുത്തു വന്ന് നിർത്തി.
ഒരാൾ ഇറങ്ങി മകളെ ബലമായി പിടിച്ചുവച്ചു. കുട്ടിയുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തിയതോടെ പരിഭ്രാന്തയായ അദ്ധ്യാപികയുടെ സമീപത്തേക്ക് മറ്റേ ആൾ എത്തി ആഭരണങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടു. ഇതിനിടയിലാണ് കഴുത്തിൽ കിടന്ന സ്വർണമാല ബലമായി പൊട്ടിച്ചെടുത്തത്. ഇതിന് ശേഷം ഇയാൾ ബൈക്കിന് സമീപമെത്തിയതോടെ രണ്ടാമത്തെ ആൾ കൂട്ടിയെ സ്വതന്ത്രയാക്കുകയും ചെയ്തു.
ഭയന്ന് പോയതിനാൽ ബൈക്കിന്റെ നമ്പർ ശ്രദ്ധിച്ചില്ലെന്ന് അദ്ധ്യാപിക പറഞ്ഞു. സംഭവസ്ഥലത്ത് സിസിടിവി ക്യാമറകളും ഇല്ലായിരുന്നു. പരിസരത്തെ കടകളിൽ നിന്നുളള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികൾക്കായി അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. സോഫ്റ്റ് വെയർ എൻജിനീയറായ ഭർത്താവ് പ്രകാശുമൊത്താണ് കേളമ്പാക്കത്ത് യുവതി താമസിക്കുന്നത്. പടൂരിലെ അപ്പാർട്ട്‌മെന്റിലാണ് കുടുംബമായി ഇവർ താമസിക്കുന്നത്.