ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തുന്ന പുത്തൻ സിനിമയായ രേഖാചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ആസിഫിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. പൊലീസ് യൂണിഫോം ധരിച്ച് മാസ് ലുക്കിലിരിക്കുന്ന ആസിഫാണ് പോസ്റ്ററിലുള്ളത്.
മേശയുടെ മുകളിൽ കാലെടുത്ത് വച്ച് പുറത്തേക്ക് നോക്കിയിരിക്കുന്ന ആസിഫ് അലിയെയും പുറകിലായി നിഴൽ രൂപത്തിൽ അനശ്വര രാജനെയും പോസ്റ്ററിൽ കാണാം. ചിത്രത്തിൽ കന്യാസ്ത്രീയുടെ വേഷത്തിലാണ് അനശ്വര എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് രേഖാചിത്രം. ജോൺ മന്ത്രിക്കൽ തിരക്കഥ നിർവ്വഹിച്ച ചിത്രം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് നിർമിക്കുന്നത്.
പോസ്റ്ററിന് പിന്നാലെ രസകരമായ കമൻ്റുകളുമായി ആരാധകരും രംഗത്തെത്തി. തുടർച്ചയായി പൊലീസ് വേഷം ചെയ്യുന്നത് ഒന്ന് മാറ്റിപിടിക്കണമെന്ന അഭിപ്രായങ്ങളാണ് ചിലർ പങ്കുവക്കുന്നത്. ഇനി ആസിഫിന്റെ വിജയ കാലമാണെന്നും മറ്റൊരു ദൃശ്യവിസ്മയം കാണാൻ കാത്തിരിക്കുകയാണെന്നും ആരാധകർ പറഞ്ഞു. തലവനിലെ അഭിനയത്തെ പ്രശംസിക്കാനും ചിലർ മറന്നില്ല.