കാൺപൂർ ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകർ മർദിച്ചുവെന്ന് കാട്ടി വ്യാജ പരാതി നൽകിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ആരാധകൻ ടൈഗർ റോബിയെ നാടുകടത്തി. ഇയാളുടെ ആവശ്യപ്രകാരമാണ് നാട്ടിലേക്കയച്ചതെന്ന് പാെലീസ് വ്യക്തമാക്കി. ഈ 18ന് മെഡിക്കൽ വിസയിലാണ് ഇയാൾ ബംഗാളിലെ ഹൗറയിലെത്തിയത്. തുടർന്ന് ബംഗ്ലാദേശ് ടീമിനെ പിന്തുണയ്‌ക്കാൻ ചെന്നൈയിലേക്കും കാൺപൂരിലേക്കും യാത്ര ചെയ്തു.
ചികിത്സയ്‌ക്കെന്ന പേരിൽ ഇന്ത്യയിലെത്തിയ ശേഷം മത്സരങ്ങൾ കാണാൻ പോയതോടെ റോബി വിസ വ്യവസ്ഥകൾ ലംഘിച്ചതായി ചോദ്യങ്ങളുയർന്നു. പൊലീസ് കാവലിലാണ് ഇയാളെ തിരിച്ചയച്ചത്. ചെന്നൈയിൽ വച്ച് തമിഴ് ആരാധകർ അധിക്ഷേപിച്ചുവെന്ന് പറഞ്ഞ റോബി കൺപൂരിൽ മർദനത്തിനിരയായെന്നും പറഞ്ഞിരുന്നു. വയറ്റിൽ ചവിട്ടേറ്റാണ് കുഴഞ്ഞു വീണതെന്നായിരുന്നു ആരോപണം. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഇത് കളവാണെന്ന് കണ്ടെത്തി. പിന്നീട് ആശുപത്രിയിൽ നിന്ന് പുറത്തുവിട്ട വീഡിയോയിൽ ഇയാൾ മർദനമേറ്റെന്ന ആരാേപണങ്ങൾ നിഷേധിച്ചു.
കുഴഞ്ഞുവീണതിന് കാരണം നിർജലീകരണമായിരുന്നുവെന്ന് പറഞ്ഞ ഇയാൾ ആവശ്യ സമയത്ത് സഹായിച്ച പൊലീസിനും മറ്റ് ഉദ്യോഗസ്ഥർക്കും നന്ദി അറിയിച്ചിരുന്നു. ചകേരി വിമാനത്താവളത്തിൽ പൊലീസ് കാവലിലാണ് റോബിയെ എത്തിച്ചത്. ഇവിടെ നിന്ന് ഡൽഹിക്കും അവിടെ നിന്ന് ധാക്കയിലേക്കും പറഞ്ഞുവിടുകയായിരുന്നു.