ന്യൂഡൽഹി: ഉപയോഗശൂന്യമായ കസേരകൾ അറ്റകുറ്റപ്പണികൾ ചെയ്ത് ഉപയോഗപ്രദമാക്കുന്ന കോഴിക്കോട് സ്വദേശി സുബ്രഹ്മണ്യനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് സുബ്രഹ്മണ്യനെ കുറിച്ച് മോദി പരാമർശിച്ചത്.
23,000-ത്തിലധികം കസേരകളാണ് അറ്റകുറ്റപ്പണി ചെയ്ത് സുബ്രഹ്മണ്യൻ ഉപയോഗപ്രദമാക്കിയത്. കോഴിക്കോട് സിവിൽ സ്റ്റേഷൻ, പിഡബ്ല്യൂഡി, എൽഐസി ഓഫീസുകൾ എന്നിവിടങ്ങളിൽ ഈ 74-കാരന്റെ സേവനം പ്രയോജനപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു.
പ്രധാനമന്ത്രിയുടെ പരാമർശത്തിന് പിന്നാലെ എല്ലാ കോഴിക്കോട്ടുകാരെയും അഭിനന്ദിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. സുബ്രഹ്മണ്യൻ കോഴിക്കോട്ടുകാരുടെ അഭിമാനമാണെന്നും പ്രധാനമന്ത്രിയുടെ പ്രശംസയ്‌ക്ക് നന്ദി അറിയിക്കുന്നുവെന്നും കെ. സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.