പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ സെലക്ടറും മുൻ താരവുമായിരുന്ന മൊഹമ്മദ് യൂസഫ് സ്ഥാനം രാജിവച്ചു. എക്സ് പോസ്റ്റിലാണ് രാജിക്കാര്യം മുൻ താരം വ്യക്തമാക്കിയത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് താരം രാജി പ്രഖ്യാപിച്ചത്. പാകിസ്താൻ ക്രിക്കറ്റിന്റെ വളർച്ചയ്‌ക്ക് സംഭാവന നൽകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും താരം വ്യക്തമാക്കി.
പിസിബിക്ക് നേരെയുണ്ടാകുന്ന കടുത്ത വിമർശനമാണ് യൂസഫിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മാദ്ധ്യമങ്ങൾ തുടർച്ചയായി കീറി മുറിക്കുന്നതിൽ അസ്വസ്ഥനായ താരം ഇനി പരിശീലനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞതായി സുഹൃത്തുക്കൾ അറിയിച്ചു.
പാകിസ്താന്റെ ഹൈ പെർഫോമൻസ് സെൻ്ററിൽ യൂസഫ് ഇനി ബാറ്റിംഗ് പരിശീലകനായ തുടരും. ടി20 ലോകകപ്പിൽ പാകിസ്താൻ നാണംകെട്ട് പുറത്തായതിന് പിന്നാലെ പിസിബി സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് വഹാബ് റിയാസിനെയും അബ്ദുൾ റസാഖിനെയും പുറത്താക്കിയിരുന്നു എന്നാൽ മെഹമ്മദ് യൂസഫിനെയും അസാദ് ഷഫീഖിനെയും നിലനിർത്തി.















