നിലമ്പൂർ: സർക്കാർ പരിപാടികളിൽ ഈശ്വരപ്രാർത്ഥന ഒഴിവാക്കണമെന്ന് പിവി അൻവർ. പരിപാടിയുടെ അഞ്ച് മിനിറ്റ് കളയുന്നതിന് തുല്യമാണ് തുടക്കത്തിലുള്ള പ്രാർത്ഥനയെന്നും അൻവർ പറഞ്ഞു. നിലമ്പൂരിൽ നടന്ന രാഷ്‌ട്രീയ വിശദീകരണ യോഗത്തിനിടെയാണ് പിവി അൻവർ എംഎൽഎയുടെ പരാമർശം. വിശ്വാസികളും അല്ലാത്തവരും സർക്കാരിന്റെ പൊതുപരിപാടികളിൽ എത്തുന്നതിനാൽ ഒരുതരത്തിലുള്ള ഈശ്വര പ്രാർത്ഥനയും നടത്തരുതെന്നാണ് അഭിപ്രായമെന്ന് അൻവർ ചൂണ്ടിക്കാട്ടി. ബാങ്കുവിളി നടത്തുന്നത് ഒരേസമയത്തായിരിക്കണമെന്നും സുന്നി, മുജാഹിദ്, ജമാഅത്ത് നേതാക്കൾ അക്കാര്യം പരിശോധിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.
“സർക്കാർ പരിപാടികളിൽ പ്രാർത്ഥന ഒഴിവാക്കണം എന്ന് പറഞ്ഞിട്ടുള്ള വ്യക്തിയാണ് ഞാൻ. പട്ടയമേളയിൽ രണ്ട് മന്ത്രിമാരും പ്രതിപക്ഷ എംഎൽഎമാരും പങ്കെടുത്ത പരിപാടിയിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അങ്ങനെ പറയാൻ ഒരു കാരണമുണ്ട്. ചില സദസുകളിലേക്ക് ചെല്ലുമ്പോൾ അവിടെ വളരെ പ്രായമായ ആളുകളെ കാണാം.
ഒരിക്കൽ ഒരു സർക്കാർ പരിപാടിക്ക് പോയപ്പോൾ അവിടെ അരയ്‌ക്ക് കീഴോട്ട് ഒരു കാലിൽ പ്ലാസ്റ്ററിട്ട വ്യക്തി സദസിൽ ഇരിക്കുന്നു. അദ്ദേഹം വളരെ പ്രയാസപ്പെട്ടാണ് പ്രാർത്ഥനയ്‌ക്കായി എഴുന്നേറ്റ് നിന്നത്. അതെനിക്ക് വല്ലാതെ ഫീൽ ചെയ്തു.
ഈ ഈശ്വരപ്രാർത്ഥന ഒഴിവാക്കണമെന്ന് ഞാൻ നിയമസഭയിൽ എഴുതിക്കൊടുത്തിരുന്നു. നമ്മളെല്ലാവരും വിശ്വാസികളാണ്, പ്രാർത്ഥിക്കുന്നവരുമാണ്. പക്ഷെ സർക്കാരിന്റെ പൊതുപരിപാടികളിൽ വിശ്വാസികളും അല്ലാത്തവരും ഉണ്ടായിരിക്കും. കൂടാതെ സർക്കാർ പരിപാടിയിൽ ഈശ്വരപ്രാർത്ഥന ഉണ്ടെങ്കിൽ അഞ്ച് മിനിറ്റ് അതിനായി പോകും. പണ്ട് ഉണ്ടായിരുന്ന ഒരു സംവിധാനമാണിത്. അതിപ്പോഴും തുടരുകയാണ്. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ സർക്കാർ ചടങ്ങുകളിൽ ഒരു പ്രാർത്ഥനയും ഉണ്ടാകരുത് എന്നതാണ്.
അതുപോലെ തന്നെ ബാങ്കുവിളി. എല്ലാ അങ്ങാടികളിലും ഒരു മിനിറ്റ് അല്ലെങ്കിൽ ഒന്നരമിനിറ്റ് വ്യത്യാസത്തിലാണ് ബാങ്കുവിളി ഉണ്ടാവുക. സാമുദായിക നേതാക്കന്മാർ ഇടപെടേണ്ട വിഷയമാണിത്. ബാങ്കുവിളിയുടെ കാര്യത്തിൽ മുജാഹിദും സുന്നിയും ജമാഅത്തും ഒരുമിച്ച് നിൽക്കണം. ബാങ്ക് വിളിക്കുന്നത് വെവ്വേറെ സമയം എന്നത് മാറ്റി ഒരുസമയത്ത് നടത്താനുള്ള പരിശ്രമം സാമുദായിക നേതാക്കന്മാരുടെ ഭാഗത്ത് നിന്നുണ്ടാകണം.“- പിവി അൻവർ പറഞ്ഞു.















