മലപ്പുറം: കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന് പി.വി അൻവർ എംഎൽഎ. നിലമ്പൂരിൽ നടന്ന രാഷ്‌ട്രീയ വിശദീകരണ യോഗത്തിനിടെയാണ് എംഎൽഎയുടെ പരാമർശം. ബിജെപിക്ക് തിരക്കില്ല, സാവധാനമാണ് കേരളത്തിൽ അവർ വളരുന്നതെങ്കിലും ബിജെപിയുടേത് സ്ഥിരതയുള്ള വളർച്ചയാണെന്നും അൻവർ ചൂണ്ടിക്കാട്ടി.
“ഒരു അൻവർ പോയാൽ മറ്റൊരു അൻവർ വരണം. ചെറുപ്പക്കാർ ഇതിൽ നിന്ന് പിന്തിരിയരുത്. ഈ പോരാട്ടം നമുക്ക് വേണ്ടിയല്ല. സംഘപരിവാർ ആസൂത്രണം ചെയ്ത കാര്യങ്ങൾ ഇവിടെ നടപ്പിലാകാൻ പോകുന്നേയുള്ളൂ. 2026-ലെ തെരഞ്ഞെടുപ്പിൽ അവർ ഉന്നമിടുന്നത് 25 സീറ്റാണ്. അത് അവർ നേടുക തന്നെ ചെയ്യും. 2031ൽ അവർ സംസ്ഥാനത്ത് അധികാരത്തിൽ വരും. അവർക്ക് തിരക്കില്ല. സ്ലോ ആയും സ്റ്റഡി ആയും അവർ പൊക്കോണ്ടിരിക്കുകയാണ്. ഇത് മനസിലാക്കേണ്ടതുണ്ട്. അൻവറിനെ വർഗീയവാദിയായി ചാപ്പകുത്താൻ ആരും ശ്രമിക്കേണ്ട, നടക്കില്ല. വീട്ടിൽ 40 വർഷത്തോളമായി ജോലിക്കുനിൽക്കുന്ന, ഭക്ഷണം വിളമ്പി നൽകുന്നവർ, അവരിവിടെ എന്റെ പ്രസംഗം കേൾക്കാൻ വന്നിട്ടുണ്ട്. തങ്കമണി ചേച്ചിയും ശോഭയും. അതുകൊണ്ട് അൻവറിനെ വർഗീയവാദിയാക്കാൻ ആരും ശ്രമിക്കേണ്ട” – എംഎൽഎ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റത് കനത്ത തിരിച്ചടിയാണെന്നും പ്രസംഗത്തിനിടെ അൻവർ സൂചിപ്പിച്ചു. എന്തുകൊണ്ട് വോട്ട് കുറഞ്ഞുവെന്ന കാര്യം പാർട്ടി പരിശോധിച്ചില്ല. ജനസമ്മതിയുണ്ടായിരുന്ന ശൈലജ ടീച്ചർക്ക് പോലും എന്തുകൊണ്ട് വോട്ട് കിട്ടിയില്ലെന്നും അൻവർ ചോദിച്ചു. പിണറായിയെ പേടിച്ച് ആരും ഒന്നും മിണ്ടുന്നില്ലെന്നും എംഎൽഎ കുറ്റപ്പെടുത്തി.















