കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വീണ്ടും പ്രതിഷേധ സമരങ്ങൾ ശക്തമാക്കാനൊരുങ്ങി ജൂനിയർ ഡോക്ടർമാർ. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഇവർ ആരോപിക്കുന്നു. ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളാണ് ചീഫ് സെക്രട്ടറിക്ക് 10 ദിവസം മുൻപ് കൈമാറിയതെന്നും, അതിൽ യാതൊരു നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്നും ഇവർ പറയുന്നു.
ആർജി കാർ ആശുപത്രിയിലേതിന് സമാനമായ സംഭവം സാഗർ ദത്ത ആശുപത്രിയിലും സംഭവിച്ചെന്നും ഇനിയും ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയ്‌ക്കില്ലെന്നും ഇവർ പറയുന്നു. ഇതിന്റെ ഭാഗമായി ആർജി കാർ മെഡിക്കൽ കോളേജിൽ നിന്ന് ശ്യാംബസാറിലേക്ക് ഡോക്ടർമാരുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ” ഒരു ആവശ്യം കേന്ദ്രീകരിച്ചാണ് ഇതുവരെ ഞങ്ങൾ സമരം ചെയ്തത്. ചീഫ് സെക്രട്ടറിയെ കണ്ടിട്ട് 10 ദിവസം കഴിഞ്ഞു. ആശുപത്രികളിലെ സുരക്ഷ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ കണ്ടത്. എന്നാൽ യാതൊരു നടപടിയും സ്വീകരിക്കാൻ അവർ തയ്യാറായില്ല.
കോടതി അടുത്ത ദിവസം ഈ കേസ് പരിഗണിക്കുന്നുണ്ട്. അതിന് ശേഷം അടുത്ത നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. നീതി ലഭിക്കാത്ത പക്ഷം സമരം കടുപ്പിക്കാൻ തന്നെയാണ് തീരുമാനം. രോഗികളെ കരുതിയാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ഇതിനിടയിലും സമാനമായ സംഭവം സാഗർ ദത്ത മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായി. സുരക്ഷ ഉറപ്പാക്കാതെ ഇനിയും ഇതേപോലെ ജോലിക്ക് വരാനാകില്ല. സുപ്രീംകോടതിയിൽ വിശ്വാസമുണ്ടെന്നും” ഡോക്ടർമാർ പറയുന്നു.
അതേസമയം കേസുമായി ബന്ധപ്പെട്ട് താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അഭിജിത് മൊണ്ടാൽ അറസ്റ്റിലായതിന് പിന്നാലെ മലയ് കുമാർ ദത്തയെ പുതിയ ഓഫീസറായി നിയമിച്ചു. അഭിജിത്തിനേയും മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിനേയും പ്രസിഡൻസി ജയിലിലേക്ക് മാറ്റി. ഇരുവരുടേയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുമെങ്കിലും, വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡി നീട്ടി നൽകണമെന്ന് ആവശ്യപ്പെടാനാണ് സിബിഐ തീരുമാനിച്ചിരിക്കുന്നത്.















