ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്ന് ഫ്രാൻസിലേക്ക് തിരിക്കും. ഫ്രാൻസ് പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് അജിത് ഡോവൽ ഫ്രാൻസ് സന്ദർശിക്കുന്നത്. റഫേൽ ഇടപാടുകളായിരിക്കും യോഗത്തിലെ പ്രധാന വിഷയമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഡൽഹിയിൽ നടന്ന ചർച്ചയിൽ റഫേൽ ഇടപാടുകളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ഫ്രാൻസ് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അജിത് ഡോവലിന്റെ ഫ്രാൻസ് സന്ദർശനം. ഈ സാമ്പത്തികവർഷം അവസാനിക്കുന്നതിന് മുമ്പായി ആവശ്യമായ ചർച്ചകൾ നടത്തി, ഫ്രാൻസുമായി കരാറിൽ ഒപ്പുവയ്‌ക്കാനാണ് ഇന്ത്യയുടെ തീരുമാനം.
ഫ്രാൻസുമായുള്ള റഫേൽ കരാറുമായി ഇന്ത്യ മുന്നോട്ടുപോവുകയാണെങ്കിൽ, അത് ഇന്ത്യൻ നാവികസേനക്ക് ഏറെ പ്രയോജനകരമായിരിക്കും. കരാർ നടപ്പിലായാൽ നാവികസേന നിലവിൽ വിന്യസിച്ചിരിക്കുന്ന MiG-29K എന്ന റഷ്യൻ യുദ്ധവിമാനങ്ങൾക്ക് പകരം ദസാൾട്ട് ഏവിയേഷനിൽ നിന്നുള്ള മറൈൻ ജെറ്റുകൾ കൊണ്ടുവരും.
യുദ്ധവിമാനം വാങ്ങുന്നതിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ പ്രതിരോധ മേഖലയ്‌ക്കും അതോടൊപ്പം നാവികസേനയ്‌ക്കും കരുത്തേകുമെന്നാണ് വിലയിരുത്തൽ.















