തിരുവനന്തപുരം: എസ്.എ.ടി ആശുപത്രി മണിക്കൂറുകളോളം ഇരുട്ടിലാകാൻ കാരണം ആശുപത്രി അധികാരികൾ തന്നെയെന്ന് കെഎസ്ഇബി. ആശുപത്രിയിലെ പിഡബ്ല്യൂഡി ഇലക്ട്രിക്കൽ വിഭാഗത്തിനെതിരെ ഗുരുതര ആരോപണവുമായാണ് കെഎസ്ഇബി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധം കടുത്തതിന് പിന്നാലെ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു.
മൂന്ന് മണിക്കൂറാണ് അമ്മമാരും കുഞ്ഞുങ്ങളും ഇരുട്ടിൽ കഴിഞ്ഞത്. അത്യാഹിത വിഭാഗം ബ്ലോക്കിലാണ് വൈദ്യുതി മുടങ്ങിയത്. തുടർന്ന് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പ്രതിഷേധത്തിനൊടുവിൽ പുറത്ത് നിന്നും ജനറേറ്റർ എത്തിച്ചാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.
ഉച്ചയ്‌ക്ക് ശേഷം മൂന്നരയോടെ കെഎസ്ഇബിയുടെ പതിവ് അറ്റകുറ്റപ്പണികൾ തുടങ്ങിയിരുന്നു. 5.30 വരെ പണി നീണ്ടു. എന്നാൽ അറ്റകുറ്റപ്പണി പൂർത്തിയായെങ്കിലും ആശുപത്രിയിൽ വൈദ്യുതി എത്തിയിരുന്നില്ല. ആശുപത്രിയിലെ വാക്വം സർക്യൂട്ട് ബ്രേക്കർ തകരാറിലായതാണ് വൈദ്യുതി മുടങ്ങാൻ കാരണമായത്.