ശ്രീനഗർ: കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ കോൺഗ്രസിന് ഒരിക്കലും സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ. കോൺഗ്രസ് കശ്മീരിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. കശ്മീരിലെ കത്വയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് എക്കാലവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. മികച്ച ഭരണവും രാജ്യത്തിന്റെ പുരോഗതിയും മാത്രമാണ് മോദി സർക്കാരിന്റെ പ്രധാന അജണ്ടകൾ. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന് കോൺഗ്രസ് പറയുമ്പോൾ അവരുടെ സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസും മൗനത്തിലാണ്.
2019 ഓഗസ്റ്റ് അഞ്ചിനായിരുന്നു രാജ്യത്തിന്റെ ആ സുപ്രധാന ദിനം. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ റദ്ദാക്കി. അത് കോൺഗ്രസിന് ഒരിക്കലും പുനഃസ്ഥാപിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കോൺഗ്രസിന്റെ പരാമർശത്തെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിമർശിച്ചിരുന്നു. ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന് മാത്രമേ അധികാരമുള്ളൂവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. കശ്മീരിലെ പ്രത്യേക പദവി നീക്കം ചെയ്തതിന് ശേഷമുള്ള തെരഞ്ഞെടുപ്പിൽ ജനങ്ങൾ പങ്കെടുത്തു. കശ്മീരിലെ മാറ്റങ്ങളുടെ തുടക്കമാണിത്.
ഇന്ന് കശ്മീരിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്. കോൺഗ്രസ് എന്നും അവരുടെ കുടുംബത്തെ സംരക്ഷിക്കാൻ മാത്രമാണ് പ്രവർത്തിച്ചിരുന്നതെന്നും ജനങ്ങൾക്ക് വേണ്ടി അവർ യാതൊന്നും ചെയ്തിട്ടില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.















