ന്യൂഡൽഹി: മുതിർന്ന ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക് രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ സിനിമയ്ക്ക് മിഥുൻ ചക്രവർത്തി നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 2024 ഒക്ടോബർ 8-ന് സംഘടിപ്പിക്കുന്ന 70-ാമത് ദേശീയ ചലച്ചിത്ര അവാർഡ് വേദിയിൽ പുരസ്കാരം സമ്മാനിക്കുമെന്നും മന്ത്രി എക്സിൽ പറഞ്ഞു.
lമുന്‍ രാജ്യസഭാംഗം കൂടിയായ അദ്ദേഹത്തെ ഈ വർഷം പത്മഭൂഷൻ ബഹുമതി നൽകി രാജ്യം ആദരിച്ചിരുന്നു. 1950ൽ കൊൽക്കത്തിയിലാണ് മിഥുൻ ചക്രവർത്തി ജനിച്ചത്. 1976-ൽ മൃഗായ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. ആദ്യ സിനിമയിൽ തന്നെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് അദ്ദേഹത്തെ തേടിയെത്തി. തഹാദർ കഥ (1992), സ്വാമി വിവേകാനന്ദൻ (1998) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ട് ദേശീയ പുരസ്കാരങ്ങൾ കൂടി ലഭിച്ചു.
ഹിന്ദിക്ക് പുറമേ ബംഗാളിയിലും ഏറെ ശ്രദ്ധേയ വേഷങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. 1989ല്‍ നായകനായി 19 സിനിമകള്‍ റിലീസായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ റെക്കോര്‍ഡ് ഉടമയാണ്. ഈ റെക്കോര്‍ഡ് ഇപ്പോഴും ബോളിവുഡില്‍ തകര്‍ക്കപ്പെട്ടിട്ടില്ല. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കാശ്മീർ ഫയൽസിൽ അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.