എറണാകുളം: അന്തരിച്ച മുതിർന്ന സിപിഎം നേതാവും മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം. എം. ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ നിർദേശം നൽകി ഹൈക്കോടതി. വരുന്ന വ്യാഴാഴ്ച വരെ മോർച്ചറിയിൽ സൂക്ഷിക്കാനാണ് ഹൈക്കോടതി നിർദേശിച്ചത്. മൃതദേഹം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് മകൾ ആശാ ലോറൻസ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി.
മൃതദേഹം പള്ളിയിൽ സംസ്കരിക്കാൻ വിട്ടുനൽകാൻ എറണാകുളം കളമശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നിർദേശം നൽകണമെന്ന് ആശ ലോറൻസിന്റെ ഹർജിയിൽ പറയുന്നു. മൃതദേഹം ഏറ്റെടുക്കാനുള്ള മെഡിക്കൽ കോളേജിന്റെ തീരുമാനം മുൻവിധിയോടെയാണെന്നും പഠനാവശ്യത്തിന് മൃതദേഹം നൽകാൻ സമ്മതിച്ചുകൊണ്ട് ലോറൻസ് കൊടുത്തുവെന്ന് പറയുന്ന സമ്മതപത്രത്തിന്റെ ആധികാരികതയിൽ സംശയമുണ്ടെന്നും ആശ കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ഉൾപ്പെടെ സാന്നിധ്യത്തിൽ ഹിയറിംഗ് നടന്നിരുന്നു. സൂപ്രണ്ടിനേക്കാൾ ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വീണ്ടും ഹിയറിംഗ് നടത്താനാകുമോയെന്ന് കോടതി പരിശോധിക്കും. വിശദമായ വാദം കേൾക്കുന്നതിന് ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.















