ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ ഈ വർഷം അവസാനം നടക്കുന്ന ശീതകാല സമ്മേളനത്തിൽ പാസാക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വഖഫ് ബില്ലിന്റെ പേരിൽ സമൂഹത്തിൽ ഭിന്നത സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പിന് പ്രതിപക്ഷം ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ബാബയ്‌ക്കും കൂട്ടർക്കും വികസനം നടപ്പാക്കാനുള്ള ത്രാണിയില്ല. ഹരിയാനയുടെ വികസനം ഉറപ്പാക്കുന്നതിന് “ഇരട്ട എഞ്ചിൻ” സർക്കാർ ആവശ്യമാണ്. സംസ്ഥാനത്ത് ഹാട്രിക് വിജയം നേടാൻ ബിജെപി ഒരുങ്ങുകയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയോ വികസനമോ ഒരിക്കലും കോൺഗ്രസിന്റെ ലക്ഷ്യമല്ല. കർഷക വിരുദ്ധത, ദളിത് വിരുദ്ധത, യുവജന വിരുദ്ധത എന്നിവ കോൺഗ്രസിന്റെ മുഖമുദ്രയാണ്. സൈന്യത്തിലെ പത്തു പേരെ എടുത്താൽ അതിൽ ഒരാൾ ഹരിയാനയിൽ നിന്നാണ് വരുന്നത്. ഇന്ദിരാഗാന്ധി മുതൽ മൻമോഹൻ സിംഗ് വരെയുള്ള മുൻ പ്രധാനമന്ത്രിമാർ ‘ഒരു റാങ്ക്, ഒരു പെൻഷന് എതിരായിരുന്നു. ഒടുവിൽ 2015ൽ പദ്ധതു നടപ്പാക്കിയത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
അഗ്നിവീറുകൾക്ക് വിരമിച്ച ശേഷം ജോലി ലഭിക്കില്ലെന്ന തികച്ചും അടിസ്ഥാന രഹിതമായ വസ്തുകൾ പ്രചരിപ്പിക്കുന്ന രാഹുലിനെ “നുണ പറയുന്ന യന്ത്രം” എന്നാണ് അമിത്ഷാ വിശേഷിപ്പിച്ചത്. സായുധ സേനയുടെ യുവത്വം ഉറപ്പാക്കുന്നതിനാണ് ഈ പദ്ധതി അവതരിപ്പിച്ചത്. ഓരോ അഗ്നിവീറുകൾക്കും പെൻഷനും അർഹമായ ജോലിയും നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിജ്ഞാബന്ധമാണ്. അഞ്ച് വർഷത്തിന് ശേഷം, അർഹമായ ജോലിയും പെൻഷനും ഇല്ലാതെ ഒരു അഗ്നിവീറിനെ പോലും കണ്ടെത്താനാവില്ല. ഇത്തരം വ്യാജ പ്രചരണങ്ങളിൽ പെട്ട് കുട്ടികളെ സൈന്യത്തിലേക്ക് അയക്കാൻ മടിക്കരുതെന്നും അമിത് ഷാ ജനങ്ങളോട് അഭ്യർത്ഥിച്ചു..















