ന്യൂഡൽഹി: ലൈംഗികപീഡന കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോടതി സിദ്ദിഖിന് മുൻകൂർ ജാമ്യം നൽകിയത്. സുപ്രീം കോടതി ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്രശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പരാതി നൽകാനും കേസെടുക്കാനുമുണ്ടായ കാലതാമസം കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്.
സിദ്ദിഖിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് ഹാജരായത്. എട്ട് വർഷത്തിന് മുമ്പ് അതിജീവിത സമൂഹമാദ്ധ്യമത്തിലൂടെ പ്രതിക്കെതിരെ ലൈംഗികാരോപണം നടത്തിയിട്ടും സർക്കാർ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്ന് സുപ്രീം കോടതി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പരാതി നൽകാൻ തീരുമാനിച്ചതെന്ന് അതിജീവിതയുടെ അഭിഭാഷക വാദിച്ചു.
തന്റെ കക്ഷിയ്‌ക്ക് 67 വയസായെന്നും 368-ഓളം സിനിമകളിൽ അഭിനയിച്ച പ്രമുഖ നടനാണ് അദ്ദേഹമെന്നും സിദ്ദിഖിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സിദ്ദിഖ് എവിടെയും പോകില്ല. കേസ് അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
സുപ്രീം കോടതി വിധി എതിരായാൽ തിരുവനന്തപുരത്തെത്തി കീഴടങ്ങാനായിരുന്നു സിദ്ദിഖിന്റെ തീരുമാനം. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഒളിവിൽപോയ സിദ്ദിഖിന് താത്കാലിക ആശ്വാസമാണ് ഈ വിധി.