തിരുവനന്തപുരം: സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ പീഡന പരാതിയുമായി നടി. മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ പരാതി നൽകിയ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും പരാതിയുമായി രംഗത്തെത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി കൈമാറിയത്.
2007 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ‘ ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.
അവസരം വാഗ്ദാനം ചെയ്താണ് ദുബായിലുണ്ടായിരുന്ന തന്നെ കേരളത്തിലേക്ക് വിളിച്ചുവരുത്തിയത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഹോട്ടലിലായിരുന്നു താമസിച്ചത്. ഇവിടെ എത്തിയ തന്നോട് സിനിമയുടെ കഥ പറയാനുണ്ടെന്നും മുറിയിലേക്ക് വരണമെന്നും ബാലചന്ദ്രമേനോൻ ആവശ്യപ്പെടുകയായിരുന്നു.
ഇതനുസരിച്ച് മുറിയിലെത്തിയപ്പോൾ ഒരു പെൺകുട്ടിയെ വിവസ്ത്രയാക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. മുറിയിൽ നിന്നു ദേഷ്യപ്പെട്ടാണ് ഞാൻ ഇറങ്ങി പോയത്. എന്നാൽ പിറ്റേദിവസം രാത്രി മുറിയിലെത്തിയ ബാലചന്ദ്രമേനോൻ തന്നെയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി.
ഭയം കൊണ്ടാണ് ഇത്രയും നാൾ എല്ലാം മൂടി വച്ചതെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതോടെ എല്ലാം തുറന്നു പറയാനുള്ള ധൈര്യം സംഭരിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു. ഇതേ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് നടൻ ജയസൂര്യയ്‌ക്കെതിരെയും ഇവർ പരാതിയുമായി രംഗത്തെത്തിയത്.