കൊല്ലം: കടയ്‌ക്കലിൽ നോക്കുകൂലി നൽകാത്തതിൽ യുവാവിനെ സിഐടിയു നേതാക്കൾ മർദ്ദിച്ചതായി പരാതി. മൂന്നുമുക്ക് സ്വദേശി അരുൺ ലാലിനാണ് മർദ്ദനമേറ്റത്. ചെറുകിട കച്ചവടക്കാരിൽ നിന്ന് ശേഖരിച്ച തടികൾ ടോറസ് ലോറിയിൽ കയറ്റുന്നതിനിടെയാണ് സംഭവം.
മർദ്ദനത്തിൽ അരുൺ ലാലിന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. സിപിഎം കടയ്‌ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഭീഷണിപ്പെടുത്തിയതായും അരുൺലാൽ പറഞ്ഞു. കച്ചവടക്കാരിൽ നിന്നും ശേഖരിക്കുന്ന മരത്തടികൾ യാർഡിലേക്കും അവിടെ നിന്നും കയറ്റി അയക്കുകയും ചെയ്യുന്ന ജോലിയാണ് അരുൺ ലാലിന്റേത്.
ജോലി ചെയ്യുന്നതിനിടെ നോക്കുകൂലി ലഭിക്കാത്തതിൽ പ്രകോപിതരായ നേതാക്കൾ യുവാവിനെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ അരുൺ ലാൽ കടയ്‌ക്കൽ ആശുപത്രിയിൽ ചികിത്സ തേടി. നേതാക്കൾ ആവശ്യപ്പെട്ട തുക നൽകാത്തതിനാൽ മരത്തടി കയറ്റിയ ലോറി വഴിയിൽ തടഞ്ഞിട്ടെന്നും യുവാവ് പറഞ്ഞു.
പഞ്ചായത്ത് റോഡിലൂടെ അമിത് ഭാരം കയറ്റിയെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം. എന്നാൽ അളവിൽ കൂടുതൽ മരത്തടികൾ കയറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിയെങ്കിലും നേതാക്കൾ വാഹനം കൊണ്ടുപോകാൻ സമ്മതിക്കുന്നില്ലെന്ന് അരുൺ ലാൽ വ്യക്തമാക്കി.