സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് ‘കൺവിൻസിങ്’ സ്റ്റാർ സുരേഷ് കൃഷ്ണ കുതിക്കുകയാണ്. 2011ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ക്രിസ്ത്യൻ ബ്രദേഴ്‌സിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് സുരേഷ് കൃഷ്ണ. സിനിമയിലെ താരത്തിന്റെ ഡയലോഗ് വർഷങ്ങൾക്ക് ശേഷം വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ ഹിറ്റായതോടെ ക്രിസ്ത്യൻ ബ്രദേഴ്‌സ് റി-റിലീസ് ചെയ്യണമെന്ന ആവശ്യവുമായി എത്തിരിക്കുകയാണ് ആരാധകർ.
മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് , ശരത് കുമാർ തുടങ്ങി വമ്പൻ താരങ്ങൾ അണിനിരന്ന സിനിമയാണ് ക്രിസ്ത്യൻ ബ്രദേഴ്‌സ്. കൊലപാതകത്തിന് ശേഷം പൊലീസെത്തുമ്പോൾ മോഹൻലാലിനോട് സുരേഷ് കൃഷ്ണ പറയുന്ന ഡയലോഗും ചിത്രത്തിലെ പാട്ടുമാണ് സോഷ്യൽ മീഡിയയിൽ അടിച്ചുകയറുന്നത്. ” അബദ്ധം പറ്റിയതല്ലേ, നമുക്ക് പൊലീസിനെ പറഞ്ഞു മനസിലാക്കാം.. നീ പൊലീസിനെ പറഞ്ഞ് മനസിലാക്ക് ഞാൻ വക്കീലുമായി വരാം”, എന്ന സുരേഷ് കൃഷ്ണയുടെ എപ്പിക് ഡയലോഗ് തിയേറ്ററുകൾ തൂത്തുവാരുമെന്നതിൽ സംശയമില്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ഒരു ചതിയന്റെ വിജയം. നന്ദി 100K’, എന്ന സുരേഷ് കൃഷ്ണയുടെ പോസ്റ്റിന് താഴെയാണ് റി-റിലീസ് ആവശ്യം ഉയരുന്നത്. നടനും സോഷ്യൽ മീഡിയ താരവുമായ സിജു സണ്ണിയാണ് റി- റിലീസ് ആവശ്യത്തിന് തുടക്കമിട്ടത്. ഇതോടെ താരത്തെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. ” നീ ടിക്കറ്റ് ബുക്ക് ചെയ്‌തോളൂ.. ഞാൻ അര മണിക്കൂർ നേരത്തെ എത്താം..” തുടങ്ങി നിരവധി രസകരമായ കമന്റുകളും പോസ്റ്റിന് ലഭിച്ചു.















