സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിന്റെ 42-കാരനായ ഏരിയ മാനേജർ ആത്മഹത്യ ചെയ്തു. ജോലി ഭാരവും മാനസിക സമ്മർദ്ദം താങ്ങാനാകാതെയാണ് ജീവനൊടുക്കിയതെന്ന് ആത്മഹത്യ കുറിപ്പ് വ്യക്തമാക്കുന്നു. തരുൺ സക്സേനയെന്ന യുപി സ്വദേശിയാണ് വീട്ടൽ തൂങ്ങി മരിച്ചത്.
സീനിയർ ഉദ്യോഗസ്ഥരുടെ സമ്മർദ്ദവും ചീത്തവിളിയും താങ്ങാനാവുന്നില്ല. ടാർഗറ്റ് പൂർത്തിയാക്കിയില്ല. രണ്ടുമാസമായി സാലറിയിൽ നിന്ന് പിടിത്തമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുന്നതായും കുറിപ്പിൽ പറയുന്നു. എന്നാൽ സ്ഥാപനം ഇതുവരെ പ്രതികരിച്ചിട്ടില്ല. മരിക്കുന്നതിന് മുൻപ് തരുൺ ഭാര്യയെയും മക്കളെയും മറ്റൊരു മുറിയിലിട്ട് പൂട്ടിയിരുന്നു. ജോലിക്കാരിയാണ് മൃതദേഹം കാണുന്നത്. മതാപിതാക്കളെയും ഭാര്യ മേഘയെയും മക്കളായ യഥാർത്ഥിനെയും പിഹുവിനെയും തനിച്ചാക്കിയാണ് തരുൺ പോയത്.
അഞ്ചുപേജുള്ള കുറിപ്പിലാണ് അയാൾ കാര്യങ്ങൾ വിശദമാക്കിയത്. “എത്ര അധ്വാനിച്ചിട്ടും ടാർഗറ്റ് പൂർത്തിയാക്കാനായില്ല. വലിയൊരു മാനസിക സമ്മർദ്ദമാണ് രണ്ടുമാസമായി നേരിടുന്നത്. ഉന്നത ഉദ്യോഗസ്ഥർ നാണം കെടുത്തി. ഭാവിയെക്കുറിച്ച് ഉത്കണ്ഠയുണ്ട്. ജോലി പോകുമെന്ന ഭയവും ഞാൻ പോകുന്നു.– തരുൺ കുറിച്ചു താനും തന്റെ സഹപ്രവർത്തകരും ടാർഗറ്റ് പൂർത്തിയാക്കിയില്ലെങ്കിൽ ഇഎംഇ അടയ്‌ക്കേണ്ട അവസ്ഥയുണ്ടാകും”.
“അവർ ശമ്പളത്തിൽ നിന്ന് തുക പിടിക്കുമെന്ന് നിരന്തരമായി ഭീഷണിപ്പെടുത്തുന്നു. അവർ ഞങ്ങളെ കേൾക്കാൻ തയാറാകുന്നില്ല. 45 ദിവസമായി ഒന്ന് ഉറങ്ങിയിട്ട്. ആഹാരവും കഴിക്കുന്നില്ല. ഒരുപാട് സമ്മർദ്ദമുണ്ട്. ടാർഗറ്റ് പൂർത്തിയാക്കിയില്ലെങ്കിൽ ജോലി രാജിവയ്‌ക്കണമെന്ന് ഉയർന്ന ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നു. മാനേജർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബത്തെ നോക്കണമെന്നും തനിക്ക് ഇതല്ലാതെ മറ്റ് വഴിയൊന്നുമില്ലെന്നും” പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.















