തിരുവനന്തപുരം: സംസ്ഥാനത്ത് 2024 ജൂൺ മുതലുള്ള മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടർനടപടികളുടെയും അവലോകനം പൊലീസ് ആസ്ഥാനത്ത് നടന്നു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്.
മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ചാർജ് ഷീറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നിർദ്ദേശിച്ചു. സ്‌കൂൾ, കോളേജ് അധികൃതരുമായി സംസാരിച്ച് മയക്കുമരുന്ന് വിരുദ്ധപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജനമൈത്രി പൊലീസിനെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റവാളികൾക്കെതിരായ നടപടി സ്വീകരിക്കുന്നതിനും കുറ്റകൃത്യങ്ങൾ കുറയ്‌ക്കുന്നതിനും എറണാകുളം ജില്ലയിൽ നടപ്പാക്കിയ മാപ്പിംഗ് സംവിധാനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇതിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും നടപ്പാക്കും. രാത്രികാല പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തും. സോൺ ഐ ജിമാർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തും. വ്യാജ നമ്പർപ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലകളിൽ സ്‌പെഷ്യൽ ബ്രാഞ്ച് സംവിധാനം ശക്തിപ്പെടുത്തും. ഇതിനായി സ്‌പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേകം പരിശീലനം നൽകും. ചാർജ് ഷീറ്റ് നൽകാൻ വൈകുന്ന പോക്‌സോ കേസുകൾ റേഞ്ച് ഡിഐജി മാർ വിലയിരുത്തി നടപടി സ്വീകരിക്കും. മാവോയിസ്റ്റ് സംഘങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാനും ആവശ്യമായ ഇടപെടൽ നടത്താനും ജില്ലാ പൊലീസ് മേധാവിമാർ നടപടി സ്വീകരിക്കും.
പോലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുസൃതമായി അവധിയും ഓഫും അനുവദിക്കും. സാമ്പത്തിക മാനേജ്‌മെന്റ് സംബന്ധിച്ച് എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ബോധവൽക്കരണം നടത്താനും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. അവലോകനയോഗത്തിൽ എഡിജിപിമാർ, സോൺ ഐജിമാർ, റേഞ്ച് ഡിഐജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ പങ്കെടുത്തു.















