കശ്മീർ: ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ഇന്ന്. കുപ്വാര, ബാരാമുള്ള, ബന്ദിപ്പോര, ഉധംപൂർ, കത്വ, സാംബ തുടങ്ങിയ അതിർത്തി ജില്ലകളിലേത് ഉൾപ്പെടെ 40 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ 24 എണ്ണം ജമ്മുവിലും 16 എണ്ണം കശ്മീർ താഴ്‌വരയിലുമാണ്. 415 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.
2001ലെ പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സൽ ഗുരുവിന്റെ സഹോദരൻ അജാസ്, പീപ്പിൾസ് കോൺഫറൻസ് അദ്ധ്യക്ഷൻ സജാദ് ഗനി ലോൺ, മുൻ ഉപമുഖ്യമന്ത്രിമാരായ താരാ ചന്ദ്, മുസാഫർ തുടങ്ങിയവർ ഈ ഘട്ടത്തിൽ ജനവിധി തേടുന്നു. 39.18 ലക്ഷം വോട്ടർമാരാണ് ഈ മണ്ഡലങ്ങളിലുള്ളത്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മേഖലയിൽ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ആദ്യ രണ്ട് ഘട്ടവും പൊതുവെ സമാധാനപരമായിരുന്നു.
5060 പോളിങ് സ്‌റ്റേഷനുകളാണ് മൂന്നാം ഘട്ടത്തിനായി തയ്യാറാക്കിയിരിക്കുന്നത്. 20,000ത്തിലധികം പോളിങ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഇവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിച്ചു. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ കർശന സുരക്ഷയാണ് അതിർത്തി മേഖലകളിൽ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ജമ്മു സോണിലെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ആനന്ദ് ജെയിൻ അറിയിച്ചു.