പത്തനംതിട്ട: ഹിമാചൽ പ്രദേശിലെ റോഹ്താങ് ചുരത്തിൽ വ്യോമസേനയുടെ AN-12 വിമാനം തകർന്ന് മരിച്ച മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും. 56 വർഷങ്ങൾക്ക് മുമ്പ് കാണാതായ പത്തനംതിട്ട സ്വദേശി ഒടാലിൽ തോമസ് ചെറിയാന്റെ മൃതദേഹമാണ് നാട്ടിലെത്തിക്കുന്നത്. മൃതദേഹം എത്തിക്കുന്നതിന് മുൻപായി ബന്ധുക്കൾക്ക് അന്തിമ അറിയിപ്പ് ലഭിക്കും.
ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിലാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനുള്ള നീക്കത്തിലാണ് സൈന്യം. കാണാതാകുമ്പോൾ 22 വയസ് മാത്രമാണ് തോമസിനുണ്ടായിരുന്നത്. രാജ്യചരിത്രത്തിൽ തന്നെ ഏറ്റവും ദൈർഘ്യമേറിയ തെരച്ചിലിനൊടുവിലാണ് സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
1968 ഫെബ്രുവരി ഏഴിന് ലഡാക്കിൽ 103 പേരുമായി പോയ സൈനികവിമാനം തകർന്നുവീണായിരുന്നു അപകടം. വിമാനാപകടത്തിൽ 102 പേർ മരിച്ചെങ്കിലും ഒമ്പത് പേരുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്തിയത്.
മൂന്ന് മൃതദേഹങ്ങൾ കേടുകൂടാതെയാണുള്ളതെന്നും നാലാമത്തേതിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്നും പ്രതിരോധ വക്താവ് അറിയിച്ചിരുന്നു. പോക്കറ്റിൽ നിന്ന് ലഭിച്ച വൗച്ചറിന്റെ അടിസ്ഥാനത്തിലാണ് ഒരാളെ തിരിച്ചറിഞ്ഞത്. ആർമി മെഡിക്കൽ കോർപ്‌സിലെ (എഎംസി) ശിപായിയായ ഉത്തരാഖണ്ഡ് സ്വദേശിയായ നാരായൺ സിംഗിനെയാണ് തിരിച്ചറിഞ്ഞത്.