മുംബൈ: ബോളിവുഡ് താരം ഗോവിന്ദയെ കാലിന് വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മുംബൈ പൊലീസ്. ഇന്ന് പുലർച്ചെ വീട്ടിൽ വച്ചാണ് താരത്തിന് വെടിയേൽക്കുന്നത്. അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പുലർച്ചെ 4.45ഓടെയാണ് സംഭവം.
മുംബൈയിലെ വസതിയില് വച്ച് റിവോൾവർ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. ലൈസൻസുള്ള റിവോൾവറാണിത്. സംഭവസമയം ജുഹുവിലെ വീട്ടിൽ ഗോവിന്ദ തനിച്ചാണ് ഉണ്ടായിരുന്നത്. മുംബൈയിലെ ക്രിട്ടികെയർ ആശുപത്രിയിലാണ് ഗോവിന്ദ ഇപ്പോൾ ഉള്ളത്. സംഭവത്തിൽ പരാതിയൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ഗോവിന്ദ അപകടനില തരണം ചെയ്തുവെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തിന്റെ മാനേജർ അറിയിച്ചു. ”രാവിലെ ആറ് മണിക്ക് കൊൽക്കത്തയ്‌ക്ക് പോകാനൊരുങ്ങുമ്പോഴാണ് അപകടമുണ്ടായത്. കൊൽക്കത്തയിൽ ഒരു ഷോയിൽ പങ്കെടുക്കാൻ പോകുന്നതിനായി രാവിലെ 6 മണിക്ക് വിമാനത്താവളത്തിൽ എത്തേണ്ടതുണ്ടായിരുന്നു. അദ്ദേഹം വീട്ടിൽ നിന്ന് ഇറങ്ങാൻ തുടങ്ങുന്നതിന് മുൻപാണ് അപകടം സംഭവിച്ചത്. കാലിൽ നിന്നും ബുള്ളറ്റ് നീക്കം ചെയ്തതായും” മാനേജർ അറിയിച്ചു.















