ന്യൂഡൽഹി: ജമ്മുകശ്മീർ മൂന്നാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിന്റെ ഉത്സവമാണ് ജമ്മുകശ്മീരിൽ നടക്കുന്നതെന്നും വനിതകൾ അവരുടെ സമ്മതിദായക അവകാശം പൂർണമായും വിനിയോഗിക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ട് രേഖപ്പെടുത്തുന്ന ഓരോരുത്തർക്കും അദ്ദേഹം എക്‌സിലൂടെ ആശംസകൾ നേർന്നു.
” ഇന്ന് മൂന്നാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനാണ് ജമ്മുകശ്മീർ സാക്ഷ്യം വഹിക്കുന്നത്. ജനാധിപത്യത്തിന്റെ ഉത്സവം വിജയിപ്പിക്കാൻ എല്ലാ വോട്ടർമാരും മുന്നോട്ടുവന്ന് വോട്ട് ചെയ്യണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ആദ്യമായി വോട്ട് ചെയ്യാനെത്തുന്ന യുവ സുഹൃത്തുക്കൾക്ക് പുറമെ നാരീശക്തിയും വൻതോതിൽ വോട്ടിംഗിൽ പ്രകടമാകുമെന്നതിൽ എനിക്ക് ഉറപ്പുണ്ട്.”- പ്രധാനമന്ത്രി കുറിച്ചു.
ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമാണ് ഇന്ന് നടക്കുന്നത്. 415 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. കുപ്വാര, ബാരാമുള്ള, ബന്ദിപ്പോര, ഉധംപൂർ, കത്വ, സാംബ തുടങ്ങിയ അതിർത്തി ജില്ലകളിലേത് ഉൾപ്പെടെ 40 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ 24 മണ്ഡലങ്ങൾ ജമ്മുവിലും 16 മണ്ഡലങ്ങൾ കശ്മീർ താഴ്വരയിലുമാണ്.















