ചർമ സംരക്ഷണത്തിൽ ഏറെ ശ്രദ്ധിക്കുന്നവർ എപ്പോഴും തെരയുന്ന ഒന്നാണ് അകാല വാർദ്ധക്യം മാറ്റാനുള്ള വഴികൾ. അതിനായി കഞ്ഞിവെള്ളം മുതൽ തൈര് വരെ പലരും ഉപയോഗിക്കാറുണ്ട്. സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും മുഖം മിനുങ്ങാനും ചർമത്തിളക്കത്തിനും നിരവധി പരീക്ഷണങ്ങളാണ് ചെയ്യുന്നത്. എന്നാൽ ചിലർക്ക് പ്രായക്കൂടുതൽ തോന്നിക്കുന്നത് അവരുടെ ആത്മവിശ്വാസത്തെ തന്നെ തളർത്തുന്നു. പുറമേ പരീക്ഷിക്കുന്ന പൊടിക്കൈകൾ പോലെ പോഷകാഹാരങ്ങൾ കഴിച്ചും നമുക്ക് ചർമം സംരക്ഷിക്കാം. അതിനായി കുറച്ച് പഴവർഗങ്ങൾ പരിചയപ്പെടാം.
ഓറഞ്ച്
പഴങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പഴവർഗമാണ് ഓറഞ്ച്. വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഓറഞ്ച് സ്ഥിരമായി കഴിക്കുന്നത് ചർമം സംരക്ഷിക്കുന്നതിന് അത്യുത്തമമാണ്.
പപ്പായ
A,B,C തുടങ്ങിയ വിറ്റാമിനുകൾ ധാരാളം അടങ്ങിയിട്ടുള്ള പപ്പായ കഴിക്കുന്നത് മുഖസൗന്ദര്യത്തിന് നല്ലതാണ്. ഇതിൽ ഫോസ്ഫറസ്, കാത്സ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തിലുണ്ടാകുന്ന പാടുകൾ ക്രമേണ ഇല്ലാതാക്കാൻ സഹായിക്കുന്നു.
തണ്ണിമത്തൻ
ഏറ്റവും കൂടുതൽ ജലാംശം അടങ്ങിയ പഴവർഗമാണ് തണ്ണിമത്തൻ. ഇതിൽ വിറ്റാമിൻ A,C, E എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് സ്ഥിരം കഴിക്കുന്നത്, ചർമത്തിലെ ചുളിവുകൾ മാറ്റി ചർമം മൃദുവാക്കാൻ സഹായിക്കുന്നു.
മാതളം
വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ മാതളവും ചർമസംരക്ഷണത്തിന് ഉത്തമമാണ്. ഇത് പ്രായക്കൂടുതലിന്റെ ലക്ഷണങ്ങൾ തടയാൻ സഹായിക്കുന്നു.
പേരയ്‌ക്ക
പൊട്ടാസ്യം, വിറ്റാമിൻ C, ഫൈബർ, ആന്റിഓക്സിഡന്റുകൾ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുള്ള പഴവർഗമാണ് പേരയ്‌ക്ക. ഇത് ആരോഗ്യത്തിനും ചർമ സംരക്ഷണത്തിനും സഹായകമാണ്.