പാലക്കാട്: ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. നിലവിളക്കിൽ നിന്നാണ് തീ പടർന്നുപിടിച്ചത്. പാലക്കാട് അകത്തേത്തറയിലുള്ള ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷത്തിന്റെ സമാപന ചടങ്ങിനിടെയാണ് സംഭവം.
മഹാത്മഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാഞ്ജലി അർപ്പിക്കുന്നതിനിടെയാണ് തീ പടർന്നത്. ചിത്രത്തിന് മുന്നിൽ തെളിയിച്ചിരുന്ന നിലവിളക്കിൽ നിന്നാണ് ഗവർണറുടെ കഴുത്തിൽ കിടന്നിരുന്ന ഷാളിലേക്ക് തീപിടിച്ചത്.
സമീപത്ത് നിന്ന ആളുകളാണ് തീ പടരുന്നത് കണ്ടത്. തുടർന്ന് ഗവർണർ തന്നെ ഷാളൂരി മാറ്റുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി തീയണച്ചതിനാൽ അപകടം ഒഴിവായി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.















