കേരളത്തിലെ നവരാത്രി ആഘോഷങ്ങളിൽ ഏറ്റവും പ്രാധാന്യമേറിയ ഒന്നാണ് തിരുവിതാംകൂറിലെ വിഗ്രഹ ഘോഷയാത്ര. തക്കല പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് മൂന്ന് വിഗ്രഹങ്ങളാണ് എഴുന്നെള്ളുന്നത്. വേളിമല കുമാരകോവിൽ നിന്ന് വെള്ളി കുതിരമേൽ വേലായുധസ്വാമി അഥവാ കുമാരസ്വാമി, പത്മനാഭപുരം കൊട്ടാരത്തിലെ തേവാരക്കെട്ടിൽ ആരൂഢമായിരിക്കുന്ന സരസ്വതി ദേവി., ശുചീന്ദ്രത്തെ മുന്നൂറ്റി നങ്ക എന്നീ മൂർത്തികളാണ് തിരുവനന്തപുരത്തേക്ക് എഴുന്നള്ളുന്നത്.
ഇതിൽ സരസ്വതി ദേവിയെയും വേലായുധസ്വാമിയെയും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവർക്ക് പരിചിതരാണെങ്കിലും, മുന്നൂറ്റി നങ്കയെക്കുറിച്ച് അത്രയ്‌ക്ക് ധാരണ പോര.
നാഞ്ചിനാട്ടിൽ നങ്ക എന്നു വിളിപ്പേരുള്ള നിരവധി ദേവിമാരുണ്ട് – അഴകിയപാണ്ഡ്യപുരം വീരവനങ്ക, ദരിശനംകോപ്പു ശ്രീധര നങ്ക, ഭൂതപ്പാണ്ടി അഴകിയചോഴൻ നങ്ക, കുലശേഖരപുരം കുലശേഖര നങ്ക എന്നിങ്ങനെ നിരവധി നങ്കമാർ കന്യാകുമാരി ജില്ലയിൽ ആരാധിക്കപ്പെടുന്നുണ്ട്.
“മുൻ ഉദിത്ത മങ്ക” എന്ന തമിഴ് പദമാണ് ലോപിച്ച് മുന്നൂറ്റി നങ്കയായത്. പഴയകാല ലിഖിതങ്ങളിലൊക്കെ മുന്നൂറ്റി നങ്ക എന്ന പദത്തിന് പകരം കുണ്ഡലിനീ മങ്ക എന്നാണ് ഉള്ളത്. കുണ്ഡലിനീ എന്ന പദം ശക്തിസ്രോതസിനെ സൂചിപ്പിക്കുന്നതാണ് എന്ന് പറയേണ്ടതില്ലല്ലോ.. ഈ കുണ്ഡലിനീ മങ്ക എന്ന പദം ലോപിച്ച് തിരുവനന്തപുരത്ത് കുണ്ടണി മങ്ക എന്നും പറയുന്നുണ്ട്.
അത്രി മഹർഷിയുടെയും ഋഷിപത്നിയായ അനസൂയ ദേവിയുടെയും കഥയുമായി കുണ്ഡലിനീ മങ്ക എന്ന പേര് ബന്ധപ്പെട്ടിരിക്കുന്നു. അനസൂയയുടെ പാതിവൃത്യത്തെ കുറിച്ച് അറിഞ്ഞ ത്രിമൂർത്തികൾ അവരെ പരീക്ഷിക്കുവാനായി സന്യാസ രൂപം പൂണ്ട് അവിടെയെത്തി. അനസൂയ ദേവി അവരെ പരിചരിക്കുകയും ഭക്ഷണം വിളമ്പാൻ ആരംഭിക്കുകയും ചെയ്തു. എന്നാൽ അവരുടെ പാതിവ്രത്യത്തെ പരീക്ഷിക്കുവാൻ കച്ചകെട്ടി ഇറങ്ങിയ ത്രിമൂർത്തികൾ,അനസൂയയോട് തങ്ങൾക്ക് നഗ്നയായി ഭക്ഷണം വിളമ്പുവാൻ ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ ഭക്ഷണം സ്വീകരിക്കൂ എന്നായിരുന്നു അവർ പറഞ്ഞത്. അനസൂയാ ദേവിയാകട്ടെ ആ തപസ്വികളുടെ ആവശ്യം നിരാകരിക്കാതെ തന്റെ ഭർത്താവിന്റെ കമുണ്ഡലുവിൽ നിന്ന് തീർത്ഥജലമെടുത്ത് പ്രാർത്ഥിച്ച് സന്യാസിമാരുടെ ദേഹത്ത് തളിച്ചു. അതോടെ ത്രിമൂർത്തികൾ മൂവരും ശിശുക്കളായി മാറി.അത്രിപത്നിയായ അനസൂയ ദേവി അവർക്ക് മാതൃഭാവേന മുലയൂട്ടുകയും ചെയ്തു. തങ്ങളുടെ ഭർത്താക്കന്മാരെ കാണാതായതോടെ പാർവതി ലക്ഷ്മി സരസ്വതി ദേവിമാർ അവിടെയെത്തുകയും, പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി സംഹാര കാരകന്മാരായ തങ്ങളുടെ പതികളെ തിരികെ നൽകണമെന്നു അനസൂയാ ദേവിയോട് ആവശ്യപ്പെടുകയും ചെയ്തു.
അപ്പോൾ പ്രപഞ്ചശക്തികളായ ആ മൂന്നു ഭഗവതിമാരുടെയും മുന്നിൽ ഉദിച്ച ഭഗവതിയാണ് മുൻ ഉദിത്ത നങ്ക എന്നാണ് ഐതിഹ്യം.അതായത് തങ്ങളുടെ ഭർത്താക്കന്മാരെ വീണ്ടും പഴയ രൂപത്തിൽ ലഭിക്കാൻ ലക്ഷ്‌മി, സരസ്വതി, പാർവതി എന്നിവർ കാർത്ത്യായനിവ്രതം അനുഷ്ഠിക്കുമ്പോൾ ദർശനം നൽകിയ മാതൃദേവതയാണ് മുന്നൂറ്റിനങ്ക എന്ന് പറയപ്പെടുന്നു.
അനസൂയാ ദേവിയുടെ കുണ്ഡലിനീ ശക്തി ഉണർന്നതിനാലാണ് ഇത്തരത്തിൽ ദേവന്മാർക്ക് അമ്മയാകാൻ സാധിച്ചത് എന്നാണ് സങ്കല്പം. അതുകൊണ്ടുതന്നെ മുൻ ഉദിത്ത നങ്കയെ കുണ്ഡലിനീ മങ്ക എന്നും പറയുന്നു.
പാർവതീ ചൈതന്യം പ്രപഞ്ചത്തിലെ ഓരോ വ്യക്തിയിലും കുണ്ഡലിനീ ശക്തി എന്ന ചൈതന്യഭാവത്തിൽ ഉറങ്ങിക്കിടക്കുന്നു എന്നാണ് വിശ്വസിക്കുന്നത്. ഇപ്രകാരം പ്രപഞ്ചത്തിൽ ജീവനുണ്ടാകുന്നതിനുമുമ്പുതന്നെ ഉദിച്ച ദേവി തന്നെ ആണ് ആദിപരാശക്തിയായി നവരാത്രി വിഗ്രഹ ഘോഷയാത്രയിൽ അനന്തപുരിയിലേക്ക് എത്തുന്നത്..
തങ്ങൾ ഉദ്ദേശിച്ച കാര്യങ്ങൾ നിറവേറ്റുന്നതിന് സ്ത്രീകൾ ഈ ദേവിയെ ആരാധിക്കുന്നു. ശുചീന്ദ്രം ക്ഷേത്രത്തിലെത്തുന്ന ഭക്തർ നങ്കയമ്മനെ വന്ദിച്ച ശേഷമാണ് സ്ഥാണുമാലയനെ ദർശിക്കാൻ പോകുന്നത്. ശുചീന്ദ്രം തീർത്ഥക്കുളത്തിനടുത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നവരാത്രി ഉത്സവത്തിനായി ആദ്യം പുറപ്പെടുന്നത് മുന്നൂറ്റി നങ്കയാണ് – നവരാത്രിയ്‌ക്ക് പതിനൊന്ന് ദിവസം മുൻപേ.
നവരാത്രി വിഗ്രഹ ഘോഷയാത്രയോടൊപ്പം എത്തുന്ന മുന്നൂറ്റി നങ്ക, തിരുവനന്തപുരത്തെ ചെന്തിട്ട ദേവീക്ഷേത്രത്തിലാണ് നവരാത്രി പൂജയ്‌ക്കായി കൂടിയിരിക്കുന്നത്.
അതിപുരാതനമായ ചെന്തിട്ട ക്ഷേത്രത്തിൽ മുന്നൂറ്റി നങ്കക്ക് വേണ്ടി ഒരു ബലിക്കല്ലും പീഠവും ഉണ്ട്.
Photo : മുന്നുദിത്ത നങ്കൈ അമ്മൻ കോവിൽ, ശുചീന്ദ്രം