അമേരിക്കയിൽ പ്രത്യക്ഷപ്പെട്ട ട്രംപിന്റെ നഗ്നപ്രതിമ കാണാതായതായി റിപ്പോർട്ട്. 43 അടി നീളവും 10 അടി വീതിയുമുള്ള പ്രതിമ ലാസ് വിഗാസ് സ്ട്രിപ്പ് ഹൈവേയിലാണ് കഴിഞ്ഞയാഴ്ച പ്രത്യക്ഷപ്പെട്ടിരുന്നത്. ട്രംപ് ഇൻ്റർനാഷണൽ ഹോട്ടലിൽ നിന്ന് 28 മൈൽ ദൂരം മാറി നെവേദയിലുള്ള ഹൈവേയിൽ റോഡരികിലായിരുന്നു അമേരിക്കൻ മുൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന്റെ നഗ്നപ്രതിമ സ്ഥാപിക്കപ്പെട്ടത്. ലാസ് വിഗാസിനെ സാൾട്ട് ലേക്ക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന ഹൈവേ ആയതിനാൽ നിരവധി യാത്രക്കാർ ഇതുവഴി സഞ്ചരിച്ചിരുന്നു. റോഡരികിൽ പെട്ടെന്ന് കണ്ണുടക്കുന്ന സ്ഥലത്താണ് പ്രതിമ സ്ഥാപിക്കപ്പെട്ടിരുന്നത്.
ഏകദേശം ആറായിരം പൗണ്ട് തൂക്കമുള്ള ഈ പ്രതിമയിൽ ട്രംപിന്റെ കൈകളുടെ ഭാഗം ചലിക്കുന്നവയായിരുന്നു. ഇഷ്ടമുള്ള ദിശയിലേക്ക് കൈകൾ പ്രദർശിപ്പിക്കാവുന്ന രീതിയിലാണ് പ്രതിമ നിർമിച്ചിരുന്നത്. എന്നാൽ ഇവ ആരാണ് തയ്യാറാക്കിയതെന്നോ ഹൈവേയിൽ ആരാണ് സ്ഥാപിച്ചതെന്നോ ഇപ്പോഴും വ്യക്തമല്ല. പ്രതിമ നിന്നിരുന്ന സ്ഥലത്തിന്റെ ഉടമയ്‌ക്കും ഇതുസംബന്ധിച്ച് ഒരറിവും ഉണ്ടായിരുന്നില്ല. നഗ്നപ്രതിമ ആയിരുന്നതിനാൽ നിരവധി പേരാണ് ഇതിനെ വിമർശിച്ച് രംഗത്തെത്തിയത്. അമേരിക്കയുടെ മുൻ പ്രസിഡന്റിനെ അധിക്ഷേപിക്കുന്ന നടപടിയാണിതെന്നും വിയോജിപ്പുകൾ പ്രകടിപ്പിക്കേണ്ടത് ഈവിധമല്ലെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. നഗ്നപ്രതിമയെക്കുറിച്ച് ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ ഇത് അപ്രത്യക്ഷമായത്.
ഇതാദ്യമായല്ല ട്രംപിന്റെ നഗ്നപ്രതിമ പ്രത്യക്ഷപ്പെടുന്നതും വാർത്തകളിൽ ഇടംപിടിക്കുന്നതും. 2016ൽ ന്യൂയോർക്കിലും സാൻ ഫ്രാൻസിസ്കോയിലും സിയാറ്റിലും ട്രംപിന്റ നഗ്നപ്രതിമകൾ ഉയർന്നിരുന്നു. 2020ലെ തെരഞ്ഞെടുപ്പ് സമയത്ത് ട്രംപിന്റെ ബേബി ബ്ലിംപ് (ആകാശത്ത് പറക്കുന്ന ഭീമൻ ബലൂൺ) ലണ്ടനിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.















