ടെൽ അവീവ്: ഇസ്രായേൽ-ഇറാൻ സംഘർഷം ആരംഭിച്ച സാഹചര്യത്തിൽ ഇസ്രായേലിലെ ഇന്ത്യൻ പൗരമാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. ഇറാൻ മിസൈലാക്രമണം ആരംഭിച്ചതോടെ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് എംബസി അധികൃതർ നിർദ്ദേശിച്ചു. ഇസ്രായേൽ ലെബനനിൽ കരയുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാന്റെ പ്രത്യാക്രമണം.
പ്രാദേശിക അധികാരികളുടെ നിർദ്ദേശം പാലിക്കണമെന്നും സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് അനുസരിച്ച് പ്രവർത്തിക്കണമെന്നും എംബസി അറിയിച്ചു.
“മേഖലയിൽ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ഇസ്രായേലിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും നിർദ്ദേശിക്കുന്നു. ദയവായി ജാഗ്രത പാലിക്കുക, രാജ്യത്തിനുള്ളിലെ അനാവശ്യ യാത്രകൾ ഒഴിവാക്കുക, സുരക്ഷാ ഷെൽട്ടറുകൾക്ക് സമീപം തുടരുക” ഇന്ത്യൻ എംബസി അറിയിച്ചു .
എംബസി അധികൃതർ സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും പൗരന്മാരുടെയെല്ലാം സുരക്ഷാ ഉറപ്പാക്കാൻ ഇസ്രായേൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവർ അറിയിച്ചു.















