ന്യൂയോർക്ക്: മൂന്നാം മോദി സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യ അമേരിക്കൻ സന്ദർശനം നടത്തി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രാദേശിക-ആഗോള വെല്ലുവിളികളെ നേരിടാൻ ഇന്ത്യയും അമേരിക്കയും യോജിച്ച് പ്രവർത്തിക്കുമെന്ന് ഇരുനേതാക്കളും കൂടിക്കാഴ്ചയ്‌ക്ക് ശേഷം വ്യക്തമാക്കി.
ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ യുക്രെയ്ൻ സന്ദർശനത്തെ പ്രശംസിച്ച ആന്റണി ബ്ലിങ്കൻ, മേഖലയിൽ നീതിയും സമാധാനവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും വ്യക്തമാക്കി. ” ഇന്ത്യയും അമേരിക്കയും നിരവധി മേഖലകളിൽ ഇന്ന് യോജിച്ച് പ്രവർത്തിക്കുന്നുണ്ട്. പ്രാദേശിക-ആഗോള വെല്ലുവിളികളെ നേരിടാൻ ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നോട്ട് പോവുകയാണ്. കാലാവസ്ഥാ വ്യതിയാനം, സുരക്ഷാ തുടങ്ങീ ഇരുരാജ്യങ്ങളും യോജിച്ച് പ്രവർത്തിക്കുന്ന മേഖലകളിലെ സഹകരണത്തെ കുറിച്ച് കൂടുതൽ ചർച്ചകൾ നടത്തിയതായും” ആന്റണി ബ്ലിങ്കൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും പ്രസിഡന്റ് ജോ ബൈഡന്റേയും നേതൃത്വത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ സഹകരണം വർദ്ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി സെമികണ്ടക്ടർ, ബഹിരാകാശം, ക്ലീൻ എനർജി തുടങ്ങീ തന്ത്രപ്രധാന മേഖലകളിലെല്ലാം ഇന്ന് സഹകരണം വർദ്ധിച്ചിരിക്കുന്നു. ലോകത്തിന് മികച്ച സംഭാവനകൾ നൽകാൻ ഈ ബന്ധത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും” ബ്ലിങ്കൻ പറഞ്ഞു.
ആന്റണി ബ്ലിങ്കനുമായി നിർണായക ചർച്ചകൾ നടത്താൻ സാധിച്ചുവെന്നും, ഇതിൽ സന്തോഷം ഉണ്ടെന്നും ജയശങ്കർ പറഞ്ഞു. ”പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ യുഎസ് സന്ദർശനത്തെ കുറിച്ചും ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചകളെ കുറിച്ചും ചർച്ച ചെയ്തു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ, ഇന്തോ-പസഫിക്, യുക്രെയ്ൻ-റഷ്യ വിഷയം, ഉഭയകക്ഷി സഹകരണം തുടങ്ങീ വ്യത്യസ്ത തലങ്ങളിലേക്ക് ചർച്ചകൾ നീണ്ടതായും” ജയശങ്കർ വ്യക്തമാക്കി.















