തിരുപ്പതി: ബ്രഹ്‌മോത്സവത്തിന് ഒരുങ്ങി തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രം. ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ പ്രതിദിനം ഒരു ലക്ഷത്തിലധികം ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്. നാലാം തിയതി ആരംഭിക്കുന്ന ഉത്സവം ഈ മാസം 12 വരെ നീളും. ബ്രഹ്‌മോത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ പതിവ് ശുചീകരണ ചടങ്ങുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
‘കോവിൽ ആൾവാർ തിരുമഞ്ചനം’ എന്ന് അറിയപ്പെടുന്ന ഈ ശുചീകരണപ്രക്രിയ വർഷത്തിൽ നാല് തവണ വീതം നടത്താറുണ്ട്. പ്രധാന ഉത്സവാഘോഷങ്ങൾ നടക്കുന്നതിന് തൊട്ടുമുൻപുള്ള ചൊവ്വാഴ്ചകളിലാണ് ചടങ്ങ് നടത്തുകയെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സിക്യൂട്ടീവ് ഓഫീസർ ജെ ശ്യാമള റാവു പറഞ്ഞു. ബ്രഹ്‌മോത്സവത്തിന് പുറമെ തെലുഗു ഉഗാഡി, അണിവാര അസ്താനം, വൈകുണ്ഠ ഏകാദശി തുടങ്ങിയ വിശേഷദിനങ്ങൾക്കും മുൻപും ഈ ചടങ്ങ് നടത്തുന്നു.
ചടങ്ങിന്റെ ഭാഗമായി ക്ഷേത്രവും വിഗ്രഹങ്ങളും മുഴുവൻ പൂജാ പാത്രങ്ങളും വൃത്തിയാക്കുകയും, ക്ഷേത്ര ചുവരുകളിലും മേൽക്കൂരകളിലുമെല്ലാം പ്രത്യേക സുഗന്ധമുള്ള ലേപനം പൂശുകയും ചെയ്യുന്നു. പുലർച്ചെ ആറ് മണിക്കും പത്ത് മണിക്കും ഇടയിലായിട്ടാണ് മുഴുവൻ ചടങ്ങുകളും പൂർത്തിയാക്കിയത്. ചടങ്ങിന്റെ സമയത്ത് ദേവന്റെ വിഗ്രഹത്തിന്റെ വെള്ള നിറത്തിലുള്ള വസ്ത്രം ഉപയോഗിച്ച് മൂടിയിടും. ചടങ്ങുകൾ മുഴുവൻ പൂർത്തിയാക്കിയ ശേഷമായിരിക്കും ഈ മൂടുപടം നീക്കുന്നത്. ഇതിന് ശേഷം ദേവന് പ്രത്യേക പൂജകൾ നടത്തി നിവേദ്യം സമർപ്പിക്കുന്നു.
ക്ഷേത്രത്തിലെ ലഡ്ഡു നിർമ്മാണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ലഡ്ഡു തയ്യാറാക്കുന്ന നെയ്യ് സൂക്ഷിക്കുന്ന പാത്രങ്ങളിലും മറ്റ് വഴിപാടുകൾ ഒരുക്കുന്ന സ്ഥലത്തുമെല്ലാം ടിടിഡിയുടെ നേതൃത്വത്തിൽ ശുദ്ധീകരണ ചടങ്ങുകൾ നടത്തിയിരുന്നു. ബ്രഹ്‌മോത്സവത്തിന് എത്തുന്ന ഭക്തർക്കായി പ്രതിദിനം എട്ട് ലക്ഷത്തോളം ലഡ്ഡു തയ്യാറാക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ബ്രഹ്‌മോത്സവത്തിന് ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി എല്ലാ സ്‌പെഷ്യൽ ദർശന സേവനങ്ങളും ടിടിഡി താത്കാലികമായി നിർത്തിവച്ചിട്ടുണ്ട്.















