റാഞ്ചി: ഝാർഖണ്ഡിൽ 83,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഝാർഖണ്ഡിലെ ഹസാരിബാഗിൽ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴിൽ സംസ്ഥാനത്തെ ആയിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങൾക്കാണ് സർക്കാർ വീട് അനുവദിച്ചത്. സംസ്ഥാനത്തെ വനവാസി സമൂഹത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് 40 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. 2,800 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളാണ് വനവാസി സമൂഹത്തിലെ കുട്ടികൾക്കായി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
രാജ്യത്തുടനീളമുള്ള വനവാസി സമൂഹത്തിന്റെയും പിന്നാക്ക വിഭാഗങ്ങളുടെയും പുരോഗതിയ്ക്ക് കേന്ദ്ര സർക്കാർ എന്നും മുൻഗണന നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ബിജെപിയുടെ പരിവർത്തൻ യാത്രയുടെ സമാപനചടങ്ങിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഝാർഖണ്ഡിലെത്തിയത്.
പരിപാടിയിൽ പങ്കെടുത്ത വനവാസി സമൂഹവുമായും പ്രധാനമന്ത്രി സംവദിച്ചു. അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ പ്രധാനമന്ത്രി ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.